ജില്ലാ റിസോഴ്സ് സെന്റര്‍ രൂപീകരണം

തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന പണം ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി രൂപീകരിച്ച ജില്ലാ റിസോഴ്സ് സെന്ററിന്റെ ആദ്യ യോഗം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട വിഭവ സമാഹരണത്തില്‍ ജില്ലാ റിസോഴ്സ് സെന്ററിന്റെ സേവനം ഭാവിയില്‍ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയും. ജില്ലയുടെ വികസനത്തില്‍ വലിയ പങ്കുവഹിക്കാനും കഴിയും. പ്രാദേശിക താല്‍പര്യം മുന്‍നിര്‍ത്തി പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ആവശ്യമായ പദ്ധതികളേതെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. യഥാര്‍ഥ വികസന ആവശ്യം തിരിച്ചറിയാന്‍ സെന്ററിന്റെ സേവനം പ്രയോജനകരമാകും. ജില്ലയിലെ ഭൂപ്രകൃതിയും ജലസ്രോതസുകളും പ്രയോജനപ്പെടുത്തുന്നില്ല. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ സമിതിയിലുണ്ട്. 2018 ല്‍ തയാറാക്കിയ ജില്ലാ പ്ലാന്‍ പുതുക്കാനുള്ള അവസരമാണിത്. ഈ സാഹചര്യത്തില്‍ സെന്ററിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ച് ജില്ലാ പ്ലാന്‍ മികച്ച രീതിയില്‍ പരിഷ്‌ക്കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ തയാറാക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള ആദ്യപടിയാണ് ജില്ലാ റിസോഴ്സ് സെന്ററിന്റെ രൂപീകരണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ആസൂത്രണ പ്രക്രിയ അല്ല ഇന്ന് ആവശ്യം. പുതിയ തലമുറയ്ക്കും സാഹചര്യത്തിനും അനുസൃതമായുള്ള പദ്ധതികള്‍ തയാറാക്കുന്നത് സംബന്ധിച്ച വ്യക്തതക്കുറവ് മൂലം മുന്‍കാലത്തെ പദ്ധതികള്‍ ആവര്‍ത്തിക്കുന്നു. ഇത് സര്‍ക്കാര്‍ പണം ആര്‍ക്കും പ്രയോജനമില്ലാതെ പാഴാകുന്നതിന് കാരണമാകുന്നു. ചില മേഖലകളില്‍ സമാനരീതിയിലുള്ള വിവിധ പദ്ധതികളുടെ ആവര്‍ത്തനമുണ്ടാകുകയും പദ്ധതികള്‍ക്ക് ഫലം കാണാതെ പോകുന്നു. ഈ സാഹചര്യത്തിലാണ് ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിലവിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് യാഥാര്‍ഥ്യബോധത്തോടെ പദ്ധതികള്‍ പരിഷ്‌ക്കരിക്കുന്നതെങ്ങനെ എന്നു ചിന്തിക്കേണ്ടത്.

മാലിന്യനിര്‍മ്മാര്‍ജനം പോലുള്ള മേഖലകളിലെ പദ്ധതികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വിമുഖത കാണിക്കുന്ന സ്ഥിതിയുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പ്ലാന്റുകളേ നമുക്കുള്ളൂ. മാലിന്യനിര്‍മ്മാര്‍ജനം തദ്ദേശ സ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തങ്ങളിലൊന്നാണ്. ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെ ഇത്തരം പദ്ധതികള്‍ നടപ്പാക്കാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. മാറിയ കാലത്തിനൊത്ത് ചിന്തിക്കുവാനും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുവാനും കഴിയുന്ന പദ്ധതികള്‍ തയാറാക്കണം. അത്തരം പദ്ധതികള്‍ രൂപീകരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് ജില്ലാ റിസോഴ്സ് സെന്ററിന്റെ ലക്ഷ്യം. ആസൂത്രണ പ്രക്രിയയില്‍ സമഗ്ര മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന ബൗദ്ധിക നിര്‍ദേശങ്ങളാണ് സെന്ററിലെ അംഗങ്ങളില്‍ നിന്നുണ്ടാകേണ്ടത്. ഇതുവഴി ജില്ലയുടെ മുഖച്ഛായ മാറ്റുവാനും കഴിയും. പരമ്പരാഗത രീതിയിലുള്ള ആസൂത്രണ പ്രക്രിയയെ ഉടച്ചുവാര്‍ക്കുന്നതിനും ശക്തിയുക്തവും സമൂഹത്തിനുതകുന്നതുമായ രീതിയിലാക്കുന്നതിനും റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ റിസോഴ്സ് സെന്റര്‍ പ്രാധാന്യവും ചുമതലകളും എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപ ഡയറക്ടര്‍ എം. ഹുസൈന്‍ ക്ലാസെടുത്തു. 2023-24 വാര്‍ഷിക പദ്ധതിയിലെ ജില്ലാ ആസൂത്രണ സമിതിയുടെ സംയുക്ത സംയോജിത പദ്ധതികളുടെ അവതരണം റിസര്‍ച്ച് ഓഫീസര്‍ പി.ബി. ഷിബിന്‍ നിര്‍വഹിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ മനോജ് മൂത്തേടന്‍, ജമാല്‍ മണക്കാടന്‍, അനില്‍ കുമാര്‍, ശാരദ മുരളീധരന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജ്യോതിമോള്‍, ജില്ലാ റിസോഴ്സ് സെന്റര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.