ഈ വര്‍ഷം സ്റ്റേറ്റ് സിലബസില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് ജില്ലയില്‍ നിന്ന് 32,006 പേര്‍. എറണാകുളം, ആലുവ, മുവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായാണിത്. ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലായി 322 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം-100, ആലുവ – 117, മുവാറ്റുപുഴ – 54, കോതമംഗലം – 51 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂ, ജില്ലാ, വിദ്യാഭ്യാസ ജില്ല തലത്തിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങളെ 51 ക്ലസ്റ്ററുകളായാണ് തിരിച്ചിരിക്കുന്നത്. എറണാകുളം -17, ആലുവ – 17, മുവാറ്റുപുഴ – 9, കോതമംഗലം – 8 എന്നിങ്ങനെയാണ് ക്ലസ്റ്ററുകള്‍. ചോദ്യപേപ്പര്‍ വിതരണത്തിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചു.

എല്ലാ ദിവസവും രാവിലെ 9.30 ന് ആരംഭിക്കുന്ന വിധത്തിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ ഔദ്യോഗിക സമയക്രമം കൃത്യമായി പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍ പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അധിക സമയം, വ്യാഖ്യാതാവിന്റെ സേവനം, സ്‌ക്രൈബ് തുടങ്ങിയ സഹായങ്ങള്‍ ഏര്‍പ്പെടുത്തും.

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 584 കുട്ടികള്‍. മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മുവാറ്റുപുഴ എന്‍.എസ്.എസ് ഹൈകൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. മൂന്ന് കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്.