കോഴിക്കോട്: കാലവര്‍ഷം കനത്തതോടെ കൊയിലാണ്ടി നഗരസഭയില്‍ രണ്ടിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നത്. കോമത്ത്കരയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീടിലും, കോതമംഗലം ജി.ല്‍.പി.സ്‌കൂളിലും. നഗരസഭയിലെ 31, 32 വാര്‍ഡുകളിലുള്ള കുടുംബങ്ങളെയാണ് കോതമംഗലം ജി.എല്‍.പി. സ്‌കൂളിലേക്ക് മാറ്റിയത്. 27, 28, 29, 30 വാര്‍ഡുകളിലുള്ള കുടുംബങ്ങളെ പകല്‍ വീട്ടിലും പാര്‍പ്പിച്ചു. പിന്നീട് മഴ കനത്തതോടെ ക്യാമ്പുകളുടെ എണ്ണവും വര്‍ധിച്ചു. നഗരസഭയിലെ രണ്ടാം വാര്‍ഡിലുള്ളവര്‍ക്കായി മൂടാടി ഗ്രാമപഞ്ചായത്തിലെ ഗോഖലെ സ്‌കൂളിലും ക്യാമ്പ് പ്രവര്‍ത്തിച്ചു. നൂറുകണക്കിനാളുകള്‍ ബന്ധുവീടുകളിലാണ് കഴിഞ്ഞത്.
പ്രളയബാധിത മേഖലകൡലല്ലാം വലിയതോതിലുള്ള ഏകോപനം ഉണ്ടാക്കാന്‍ നഗരസഭക്ക് സാധിച്ചു. ദുരന്തത്തെ നേരിടാന്‍ റവന്യൂ, പോലീസ്, ഫയര്‍, കെ.എസ്.ഇ.ബി, ആരോഗ്യം, ജലസേചനം എന്നീ വകുപ്പുകളും അതാതിടങ്ങളിലെ നഗരസഭ, പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, മത്സ്യതൊഴിലാളികള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവയുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ചേമഞ്ചേരി ചെങ്ങോട്ടുകാവ് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും മറ്റ് ജലജന്യ രോഗങ്ങള്‍ പടരാതിരിക്കാനുമുള്ള മുന്‍കരുതലും നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്വീകരിച്ചു.
പകര്‍ച്ചവ്യാധികളെ നേരിടാന്‍ പി.എച്ച്.സി മുതല്‍ താലൂക്ക് ആശുപത്രി വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും കൂടുതല്‍ സജ്ജരാക്കി. വീടുകളും പരിസരങ്ങളും വൃത്തിയാക്കുന്നതിനായി എല്ലാ വിഭാഗം ജനങ്ങളെയും സന്നദ്ധ സംഘങ്ങളെയും യോജിച്ച് അണിനിരത്തി. ക്ലോറിനേഷന്‍ അതിന്റെ ശരിയായ അളവില്‍ ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കി. വെള്ളം കയറിയ 131 വീടുകളും 79 കിണറുകളും നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.തുടര്‍ പ്രവര്‍ത്തനങ്ങളിലും എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപനം ഉറപ്പുവരുത്തി. നാശനഷ്ടത്തിന്റെ കണക്കുകള്‍ ശേഖരിച്ച് സന്നദ്ധസംഘടനകളുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ പുനരധിവാസം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നഗരസഭ നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ നേതൃത്വം നല്‍കി. കൂടാതെ നഗരസഭ ജീവനക്കാര്‍, തഹസില്‍ദാര്‍ പ്രേമന്‍, വില്ലേജ് ഓഫീസര്‍ മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.