ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി പ്ലാന്റില്‍ സന്ദര്‍ശനം നടത്തി. തീപിടിത്തം സംബന്ധിച്ചും പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്റ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍.

പ്ലാന്റ് സന്ദര്‍ശിച്ച ശേഷം സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നു. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 90% പുക അണയ്ക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. എസ്‌കവേറ്ററുകളും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ജീവനക്കാരും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴു സെക്ടറുകളില്‍ അഞ്ചിലെയും തീ പൂര്‍ണമായി അണച്ചതാണി കളക്ടർ പറഞ്ഞു. ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച തീയണയ്ക്കല്‍ രീതിയാണ് ബ്രഹ്‌മപുരത്ത് നടക്കുന്നത്. അതുകൊണ്ട് ഈ രീതിയില്‍ തന്നെ പുക പൂര്‍ണമായി അണയ്ക്കാനാകുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.