കാക്കനാട്: നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള ധനസമാഹരണ യജ്ഞം ജില്ലയില്‍ സെപ്റ്റംബര്‍ 11, 13, 14 തീയതികളില്‍ നടത്തുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. ചെക്കുകളും ഡി.ഡിയും സ്വീകരിക്കും. ഡി.ഡി. CHIEF MINISTER’S DISASTER RELIEF FUND എന്ന പേരിലും ചെക്ക് PRINCIPAL SECRETARY (FINANCE)& TREASURER CMDRF എന്ന പേരിലും എടുക്കണം. പണമയയ്ക്കുകയോ അക്കൗണ്ടില്‍നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യുന്നവര്‍ NAME: CMDRF, PAN: AAAGD0584M, A/C NO.67319948232, BANK: STATE BANK OF INDIA, BRANCH: CITY BRANCH, TRIVANDRUM, IFSC: SBIN0070028 എന്ന വിലാസം ഉപയോഗിക്കണം.
11ന് രാവിലെ 10ന് മൂവാറ്റുപുഴ താലൂക്ക് ആഫീസിലും ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ താലൂക്ക് ആഫീസിലും നാലു മണിക്ക് കോതമംഗലം താലൂക്ക് ഓഫീസിലും ധനസമാഹരണയജ്ഞം നടത്തും. 13ന് രാവിലെ 10ന് കലക്ടറേറ്റിലും ഉച്ചയ്ക്ക് രണ്ടിന് ആലുവ താലൂക്ക് ആഫീസിലും 14ന് രാവിലെ ഒമ്പതിന് ഇന്‍ഫോപാര്‍ക്കിലും ഉച്ചയ്ക്ക് രണ്ടിന് ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ.ആഫീസിലും വൈകീട്ട് നാലിന് പറവൂര്‍ താലൂക്ക് ആഫീസിലും യജ്ഞം നടത്തും. ധനസമാഹരണത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനാണ് ജില്ലയുടെ പ്രത്യേക ചുമതല. ധനസമാഹരണത്തില്‍ ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട എം.പി, മന്ത്രി, എം.എല്‍.എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്നും മന്ത്രി എ.സി.മൊയ്തീന്‍ ആവശ്യപ്പെട്ടു.