കാക്കനാട്: അടിയന്തരധനസഹായ വിതരണം, കിറ്റുവിതരണം തുടങ്ങിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുകയോ അനര്‍ഹരെ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ധനസഹായം ഉറപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനും എറണാകുളം കളക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ മോശം പ്രവണതകള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ ഗൗരവമായി പരിഗണിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ബന്ധപ്പെട്ട ജനപ്രതിനിധികള്‍ തുടങ്ങി ആരുതന്നെ ആരോപണവിധേയരായാലും അനേ്വഷിച്ച്, മുഖംനോക്കാതെ നടപടിയെടുക്കും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരെയും സന്നദ്ധസേവകരെയും ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീടുകളുടെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കും. മറ്റു ഏജന്‍സികളെയൊന്നും അപേക്ഷകള്‍ സ്വീകരിക്കാനോ കണക്കെടുപ്പിേനാ സര്‍ക്കാര്‍ ഔദേ്യാഗികമായി ചുമതലപ്പെടുത്തിയിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി നേതൃത്വം വഹിക്കണം. ശതമാനാടിസ്ഥാനത്തിലാണ് നഷ്ടം വിലയിരുത്തുക. 75 ശതമാനത്തിനു മുകളില്‍ നഷ്ടം കണക്കാക്കുന്ന വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി കണക്കാക്കും.
പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യങ്ങളാണ് അടിയന്തരമായി ബ്രഹ്മപുരത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്. അവിടെയെത്തിക്കുന്ന മാലിന്യങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയില്‍ത്തന്നെ നിക്ഷേപിക്കണം. വഴിയോരത്തും മറ്റും മാലിന്യങ്ങള്‍ തള്ളരുത്. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ക്ലീന്‍ കേരള കമ്പനിക്കു പുറമേ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ജി.ജെ. നെയ്ചര്‍ കെയര്‍ എന്നിവയും ജില്ലയില്‍ മാലിന്യനിര്‍മാര്‍ജന രംഗത്ത് സജീവമാണ്.
കാലടിയിലെ അരിമില്ലുകളിലെ ധാന്യം മാറ്റുന്ന കാര്യത്തില്‍ സപ്ലൈകോയും എഫ്.സി.ഐ.യും സംയുക്തമായി പരിശോധന നടത്തണം. സര്‍ക്കാര്‍ സംഭരിച്ച നെല്ലായതിനാല്‍ നടപടികള്‍ സുതാര്യമായിരിക്കണം.
പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും. ഒരു മണ്ഡലത്തിലെ റോഡുകളുടെ മുഴുവന്‍ പ്രവൃത്തികളും ഒറ്റ ടെണ്ടറാക്കുന്നത് ഫലപ്രദമാകുമോ എന്ന് പരിശോധിക്കും. പ്രായോഗിത ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടും.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെല്ലാം കാര്യത്തില്‍ തനതു ഫണ്ട് നീക്കിവെക്കാമെന്നതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അങ്കണവാടി കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണവും ഇതിലുള്‍പ്പെടും. പദ്ധതികള്‍ പുനരാലോചിച്ച് ഉടനടി ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങണമെന്നും അറിയിച്ചു. ആസൂത്രണസമിതിയോഗം ഉടനടി ചേരണമെന്നും അടിയന്തരപ്രാധാന്യമുള്ള പ്രവൃത്തികള്‍ ഭരണാനുമതി ലഭിച്ചയുടന്‍ ആരംഭിക്കണമെന്നും നിര്‍ദ്ദേശിച്ചു.
രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് മരിച്ചവര്‍, ക്യാമ്പില്‍ നിന്ന് ആശുപത്രിയിലെത്തിയശേഷം മരിച്ചവര്‍, എലിപ്പനിബാധയെത്തുടര്‍ന്ന് മരിച്ചവര്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം കൈക്കൊള്ളും. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് തടസ്സം നില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലൈഫ് പദ്ധതിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായ വീടാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ വീടു നിര്‍മിക്കുന്ന കാര്യം പരിശോധിക്കും. വീടുനിര്‍മാണത്തില്‍ സഹകരണസ്ഥാപനങ്ങളുടെ ഡിവിഡന്റ് പ്രയോജനപ്പെടുത്താവുന്നതാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. ഓരോരുത്തര്‍ക്കും വ്യക്തിപരമായി ബാധ്യതയുമുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനനിലപാടെടുക്കുന്നു എന്ന വാദം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
യാനങ്ങള്‍, വലകള്‍ തുടങ്ങിയവയുടെ കേടുപാടുകള്‍ തീര്‍ക്കുന്ന കാര്യം ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ആലോചിക്കും.
ഗൃഹോപകരണങ്ങള്‍ വാങ്ങാനോ നന്നാക്കാനോ കുടുംബശ്രീവഴി ഒരുലക്ഷംരൂപയുടെ പലിശരഹിത വായ്പ അനുവദിക്കും. മൂന്നു വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. ബന്ധപ്പെട്ട കമ്പനികളുമായി ധാരണയുണ്ടാക്കി മിതമായ വിലയില്‍ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തി.
തൊഴിലുറപ്പ് ദിനങ്ങള്‍ 150 ആയി വര്‍ദ്ധിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരുമായി ആലോചിച്ചു കഴിഞ്ഞു. ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷംരൂപ വരെ വായ്പ ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കും.
കനാലുകളിലെയും മറ്റും മാലിന്യം നീക്കം ചെയ്യാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ പ്രദേശത്തുള്ള സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളുമെല്ലാം തയ്യാറാണ്. പുതിയ മാനവികതയുടെ ഉദയമാണിത്. തരുന്ന തുക എത്രതന്നെയായാലും സ്വീകരിക്കുക. ആരെയും നിര്‍ബന്ധിക്കരുത്. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായതുകൊണ്ടുതന്നെ സംരംഭകരെയും ഐ.ടി. മേഖലയിലുള്ളവരെയും ഉള്‍പ്പെടുത്തി അടിയന്തരമായി ആലോചനായോഗം ചേരും. തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍ ബന്ധപ്പെട്ട എം.എല്‍.എമാരുമായി ആലോചിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.