സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും വെളളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും ദുരന്തമുഖത്ത് പെട്ടുപോയ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കരങ്ങള്‍ക്ക് പച്ചപ്പിന്റെ ആദരം. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ദുരന്തമുഖങ്ങളില്‍ കര്‍മ്മധീരരായവരെ അനുമോദിച്ചത്. കല്‍പ്പറ്റ നിയോജകമണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പൗരാവലി ഒത്തുചേര്‍ന്നത്. മണ്ഡലത്തിലെ വിവിധ കോണുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അക്ഷീണം പ്രയത്‌നിച്ച് മാതൃകയായവരാണ് ഒരു വേദിയിലേക്ക് ക്ഷണിച്ച് നാടിന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചത്. 3826 പേര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്തു. നാടിനും പുറത്തുമുളള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരു പതിറ്റാണ്ടിലേറയായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും പ്രത്യേകം ആദരവ് ഏറ്റുവാങ്ങി. ഏതൊരു ദുരന്തമേഖലകളിലും എപ്പോഴും ഓടിയെത്തുന്ന സന്നദ്ധപ്രവര്‍ത്തകരാണ് നാടിന്റെ സ്പന്ദനമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജില്ല നേരിട്ട ഇത്രയും വലിയ ദുരന്തത്തെ അതിജീവിക്കാന്‍ ഈ കൂട്ടായ്മകള്‍ കൊണ്ടാണ് കഴിഞ്ഞത്. പ്രളയാനന്തര നവകേരള നിര്‍മ്മിതിയിലും ജനകീയ സഹകരണം അനിവാര്യമാണ്. ദുരന്തങ്ങള്‍ക്കിരയായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഏവരും അണിനിരക്കണം. വീടും ഭൂമിയും സകലതും നഷ്ടപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിനായി സര്‍ക്കാര്‍ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് അകമഴിഞ്ഞ സഹായം വേണം. നാടിന്റെ നാനാഭാഗത്ത് നിന്നുളളവര്‍ കൈകോര്‍ക്കുമ്പോള്‍ നവകേരളം എളുപ്പത്തില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സമാനതകളിലാത്ത ദുരന്തത്തിലും കൈത്താങ്ങാകാന്‍ എത്തിയ രക്ഷാപ്രവര്‍ത്തകരുടെ കര്‍മ്മവീര്യവും സഹകരണവും മാതൃകാപരമാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കല്‍പ്പറ്റ നിയോജകമണ്ഡത്തില്‍പ്പെട്ട വൈത്തിരി, പൊഴുതന,കോട്ടത്തറ, പടിഞ്ഞാറത്തറ തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. അതിജീവനത്തിന്റെ പാതയിലും ഒരേ മനസ്സോടെ കൈകോര്‍ക്കാന്‍ ഏവര്‍ക്കും സാധിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിതാ ജഗദീഷ്, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പൊലിസ് മേധാവി ആര്‍. കറുപ്പസാമി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം നാസര്‍, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.