വയനാട്: വാദ്യമേളങ്ങളുടെ അകമ്പടിയോടെയെത്തിയ ഘോഷയാത്രയില്‍ തുര്‍ക്കി ജീവന്‍ രക്ഷാസമിതിക്കാരുമുണ്ടായിരുന്നു. മഹാപ്രളയത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ അനുമോദിച്ച ചടങ്ങില്‍ അനുമോദനമേറ്റുവാങ്ങാന്‍ ആദ്യമുയര്‍ന്നുകേട്ടതും തുര്‍ക്കി ജീവന്‍ രക്ഷാസമിതിയുടെ പേരാണ്. തെറ്റുധരിക്കേണ്ട, ലോക രാജ്യമായ തുര്‍ക്കിയില്‍ നിന്നുമുള്ളവരല്ല, കല്‍പ്പറ്റയിലെ തുര്‍ക്കി എന്ന കൊച്ചുഗ്രാമത്തില്‍ നിന്നുമെത്തിയവരാണവര്‍. വര്‍ഷങ്ങളായി സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. പുഴയില്‍ മുങ്ങിമരിച്ചവരുടെ ശരീരം യാതൊരു മടിയും കൂടാതെ എടുക്കുന്നതിനടക്കം എതാവശ്യങ്ങള്‍ക്കും വിളിപ്പുറത്ത് ഓടിയെത്താന്‍ ജീവന്‍ രക്ഷാസമിതിക്കാരുണ്ടാവും. പ്രളയം ജില്ലയിലാകെ നാശം വിതച്ച സമയത്ത് പൊലിസിനും ഫയര്‍ഫോഴ്‌സിനുമൊപ്പം തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ അവര്‍ക്കും സാധിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം പച്ചപ്പ് അതിജീവനം – 2018, കരുത്തേകിയ കൈകള്‍ക്ക് ആദരപൂര്‍വ്വം’ പരിപാടിയിലാണ് ജീവന്‍ രക്ഷാ സമതി അംഗങ്ങളെ ആദരിച്ചത്. സമിതി രക്ഷാധികാരി മുഹമ്മദ് വല്ല്യാപ്പു, സെക്രട്ടറി ലാല്‍ പുത്തലന്‍, ട്രഷറര്‍ ടി. ഷാഫി, മറ്റംഗങ്ങളും ചേര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്നും ആദരം ഏറ്റുവാങ്ങി. പ്രകൃതി ദുരന്തത്തില്‍ കൈത്താങ്ങായി പ്രവര്‍ത്തിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ സേനാ വിഭാഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകര്‍, യുവജന സംഘടനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.