കാക്കനാട്: പ്രളയത്തില്‍ ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ പ്രാരംഭ കണക്കെടുപ്പ് തിങ്കളാഴ്ച (സെപ്റ്റംബര്‍10) തുടങ്ങുമെന്ന് ജില്ലാ കളക്ടറ് മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഐ.ടി.വകുപ്പുമായി സഹകരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് കണക്കെടുപ്പ്. ഇതു സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ജി.പി.എസ്.ടാഗിങ്ങും നടത്തുന്നതിനാല്‍ ഇരട്ടിപ്പ് ഒഴിവാകും. ശതമാനാടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. നടപടികള്‍ സുതാര്യമാക്കാനും വ്യവസ്ഥയുണ്ട്.
ജില്ലയില്‍ പാഠപുസ്തകവിതരണം തുടങ്ങി. 31,000 ബാഗുകളാണ് നഷ്ടമായത്. ഡല്‍ഹിയില്‍നിന്നും രണ്ടു ലക്ഷം ബാഗുകള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതില്‍ ജില്ലയ്ക്കനുവദിച്ചവ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കി വിതരണം ചെയ്യും.
അടിയന്തരധനസഹായം 79,171 പേരിലെത്തിച്ചു. ആകെ തുക വിതരണത്തിന്റെ 47ശതമാനമാണിത്. സെപ്റ്റംബര്‍ പത്തോടെ വിതരണം പൂര്‍ത്തിയാകും. ധനസഹായത്തിന് അര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ തഹസില്‍ദാരെ അറിയിക്കണം. ഇക്കാര്യത്തില്‍ ഉടന്‍ നടപടി കൈക്കൊള്ളും. 2,227,769 കിറ്റുകള്‍ വിതരണത്തിനായി നടപട#ിയെടുത്തു. ദുരിതാശ്വാസകിറ്റ് ലഭിക്കാത്ത അര്‍ഹരായവര്‍ക്ക് ഉടനടി നല്‍കും.
12 ക്യാമ്പുകളിലായി 491 ആളുകളാണ് ഇപ്പോള്‍ ജില്ലയിലുള്ളത്. ക്യാമ്പുകളില്‍നിന്നും വീട്ടിലേക്ക് മടങ്ങിപ്പോകാനാവാത്തവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷനും ശുചിത്വമിഷനും അരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാരും സംയുക്തമായാണ് ഏകോപിപ്പിക്കുന്നത്.
ചൂര്‍ണിക്കര- രാമമംഗലം റോഡ് പ്രവര്‍ത്തികള്‍ തുടങ്ങാന്‍ പി.ഡബ്ല്യു.ഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഡൂപ്ലിക്കേറ്റ് എടുത്തു നല്‍കുന്നതിന് ഐ.ടി.വകുപ്പിന്റെ സഹായത്തോടെ പറവൂരില്‍ ട്രയല്‍ റണ്‍ നടത്തി. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ യജ്ഞം ഉടന്‍ നടത്തും.
ജില്ലയിലെ എംഎല്‍എമാര്‍, ഇന്നസെന്റ് എംപി, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശ സനില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഹൈബി ഈഡന്‍ എംഎല്‍എ
ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ 279 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. 671 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കിറ്റുകള്‍ ലഭിക്കാത്ത വാര്‍ഡുകള്‍ ഉണ്ട്. കിറ്റ് വിതരണത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കി സുഗമമായി വിതരണം നടത്തണം. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്കും ചീനവലകള്‍ക്കുമൊക്കെ വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ പറ്റുകയുള്ളൂ എന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചത്.സുനാമിയുണ്ടായപ്പോള്‍ ലൈസന്‍സ് ഇല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു.അതു പോലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള നടപടികള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഉണ്ടാകണം. വീട് നഷ്ടപ്പെട്ടവര്‍ക്ക് പണിത് നല്‍കാന്‍ പല സംഘടനകളും വ്യക്തികളും മുന്നോട്ട് വരുന്നുണ്ട്. അവര്‍ക്ക് അതിനു വേണ്ട അനുമതികള്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും വേഗത്തില്‍ നല്കണം.
എല്‍ദോ എബ്രഹാം എംഎല്‍എ
മൂവാറ്റുപുഴയിലെ വ്യാപാരികള്‍ വളരെ വലിയ പ്രതിസന്ധിയിലാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാര മേഖലയില്‍ മാത്രം ഉണ്ടായിരിക്കുന്നത്. നഷ്ടം കണക്കിലെടുക്കാതെ പല വ്യവസായികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മണ്ഡലങ്ങള്‍ തോറും ബന്ധപ്പെട്ട മന്ത്രിമാരുടെ നേതത്വത്തില്‍ പ്രത്യേക ദിവസം ദുരിതാശ്വാസ നിധി ശേഖരിക്കാന്‍ നടപടികള്‍ ഉണ്ടാവണം. എങ്കില്‍ പരമാവധി തുക സമാഹരിക്കാന്‍ സാധിക്കും. മൂവാറ്റുപുഴയില്‍ എലിപ്പനി ബാധിച്ച് രണ്ട് സ്വകാര്യ ആശുപത്രികളിലായി 13 പേര്‍ ചികിത്സയിലാണ്. എലിപ്പനി തടയാനുള്ള കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. പഠനോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളുമൊക്കെ വീണ്ടും ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ കൃത്യത വേണം.
എസ് ശര്‍മ എംഎല്‍എ
സംസ്ഥാനത്തിന്റെ മൂലധന തലസ്ഥാനമായ കൊച്ചിയ്ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഓരോ മേഖലയില്‍ ഉളളവരോടും പ്രത്യേകമായി അഭ്യര്‍ത്ഥിക്കേണ്ടതാണ്. ഒരാഴ്ചയ്ക്കുള്ളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ലഭ്യമായ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. ദുരന്തനിവാരണ വിഭാഗം പ്രളയ ബാധിതരായ എല്ലാവര്‍ക്കും ധനസഹായം ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യണം. വൈപ്പിന്‍ മേഖലയില്‍ 78 ക്യാമ്പുകളിലായി 75000 ഓളം പേരാണ് ഉണ്ടായിരുന്നത്. കടല്‍ കയറിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് വീടുകളില്‍ നിന്ന് മാറേണ്ടി വരികയായിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ ഒരു ദിവസം മാത്രമാണ് വെള്ളം തങ്ങി നിന്നത്. വീടുകളില്‍ രണ്ട് ദിവസം വെള്ളം കെട്ടി നിന്നവര്‍ക്കാണ് നിലവില്‍ ധനസഹായം ലഭ്യമാക്കുന്നത്. അതിനാല്‍ മാനദണ്ഡങ്ങള്‍ മറികടന്ന് വസ്തുതയുടെ അടിസ്ഥാനത്തില്‍ ധനസഹായ വിതരണം നടത്തണം. ആനുകൂല്യങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല.
വി.ഡി സതീശന്‍ എംഎല്‍എ
ഭക്ഷ്യ വിതരണം ഭംഗിയായി നടത്തിയതിന് ജില്ലാ ഭരണകൂടത്തിന് അഭിനന്ദനം. പതിനായിരം രൂപയുടെ ധനസഹായ വിതരണം കൂടി മികച്ച രീതിയില്‍ നടത്തിയാല്‍ അതും പ്രശംസനീയമാണ്. മാലിന്യ നിര്‍മാര്‍ജനവും നന്നായി നടക്കുന്നു. കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമുള്ള അളവിലാണ് മാലിന്യമുളളത്. അതിനാല്‍ ഈ പ്രവര്‍ത്തനം കുറച്ചു കൂടി ഗൗരവമായി കാണണം. നാശനഷ്ടങ്ങളുടെ വിവര ശേഖരണത്തില്‍ വ്യക്തത വേണം. വിവര ശേഖരണത്തിന്റെ നടപടി ക്രമങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. ബിസിനസ് തലസ്ഥാനമായതിനാല്‍ ജില്ലയില്‍ ധനസമാഹരണം എളുപ്പത്തില്‍ സാധ്യമാണ്. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാരം കുറയ്ക്കാന്‍ എല്ലാ മേഖലയുടേയും സഹകരണം ആവശ്യമാണ്. ക്യാമ്പുകളില്‍ കഴിയുമ്പോള്‍ മരിച്ചവര്‍ക്കും എലിപ്പനി ബാധിച്ച് മരിച്ചവര്‍ക്കും നഷ്ടപരിഹാരം കൊടുക്കുന്നതിനായി നയപരമായ തീരുമാനം വേണം. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണം. സര്‍ക്കാര്‍ നല്‍കുന്ന പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനെപ്പറ്റി ജനങ്ങള്‍ക്ക് വ്യക്തത കൊടുക്കേണ്ടത് അത്യാവശ്യമാണ്. 25000 കുട്ടികള്‍ക്കാണ് പറവൂര്‍ താലൂക്കില്‍ പനോപകരണങ്ങള്‍ നല്‍കേണ്ടത്.
എം. സ്വരാജ് എംഎല്‍എ
കിറ്റ് വിതരണത്തിലും നഷ്ടപരിഹാര തുക നല്‍കുന്നതിലുമുള്ള ചെറിയ പരാതികള്‍ പരിശോധിക്കാനും പരിഹരിക്കാനും സംവിധാനം ഉണ്ടാകണം. എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിക്കപ്പെടണം. വീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്നതിന് ഫലപ്രദമായ സംവിധാനമുണ്ടാക്കണം.
അന്‍വര്‍ സാദത്ത് എംഎല്‍എ
പല വ്യാപാരികളും ശേഖരിച്ച സാധനങ്ങള്‍ മുഴുവന്‍ നശിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല. ചെറുകിട വ്യാപാരികളെയാണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്. അവര്‍ക്കും നിയമ പരിരക്ഷ ഉറപ്പ് വരുത്തണം. ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കണം.കിറ്റ് വിതരണം സുതാര്യമാക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണം. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ വേണ്ട നടപടികള്‍ എടുക്കണം. വീടുകളും വാഹനങ്ങളും നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകണം. പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കിന് പുറമെ സര്‍ക്കാരില്‍ നിന്നും എന്തൊക്കെ ലഭിക്കുമെന്ന് വ്യക്തമാക്കണം. എങ്കില്‍ മാത്രമേ സ്‌പോണ്‍സര്‍ഷിപ്പിലൂടെ എന്തൊക്കെ നല്‍കണമെന്ന് തീരുമാനിക്കാന്‍ കഴിയൂ. എലിപ്പനി ബാധിച്ച് മരിച്ചവര്‍ക്കും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും ധനസഹായം ലഭ്യമാക്കണം.അതു പോലെ തന്നെ ക്യാമ്പുകളില്‍ നിന്ന് ആശുപത്രികളിലേക്ക് ചികിത്സ തേടി പോയവരുണ്ട്. അവര്‍ക്കുളള ചികിത്സാ സഹായവും ലഭ്യമാക്കണം .വാര്‍ഡുകള്‍ തോറും സര്‍വ്വകക്ഷി യോഗങ്ങള്‍ നടത്തണം.
ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കാന്‍ ഔദേ്യാഗികമായി സ്വകാര്യ വ്യക്തികളെയൊ സ്ഥാപനങ്ങളെയോ ഏല്പിച്ചിട്ടില്ല. എങ്കിലും ചില സ്ഥാപനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഇതിന്റെ പേരില്‍ സംഭാവന സ്വീകരിക്കുന്നതു തടയണം.
ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അഞ്ച് കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. എല്ലാവര്‍ക്കും നല്‍കാതെ പ്രളയബാധിത പ്രദേശങ്ങളില്‍ അര്‍ഹര്‍ക്ക് ഇവ ലഭ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകണം. കിറ്റുകള്‍ ലഭിക്കേണ്ട സ്ഥലങ്ങള്‍ ഇനിയും ഉണ്ട്. കുസാറ്റ് പോലെയുള്ള നിരവധി സ്ഥാപനങ്ങള്‍ എറണാകുളത്ത് ഉണ്ട്. അത്തരം സ്ഥാപന മേധാവികളുമായി സംസാരിച്ച് ദുരിതബാധിതര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കണം.
റോജി.എം.ജോണ്‍ എംഎല്‍എ
വീടുകള്‍ പൂര്‍ണമായും തകര്‍ന്നവരേക്കാള്‍ ഭാഗികമായി തകര്‍ന്നവരാണ് കൂടുതല്‍ . പലരും സ്വന്തമായി തന്നെ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളില്‍ വ്യക്തത വേണം. കാലടി, പെരുമ്പാവൂര്‍ മേഖലകളില്‍ ധാരാളം അരി മില്ലുകളുണ്ട്. അവിടങ്ങളിലുള്ള മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് കഴിഞ്ഞു. എന്നാല്‍ ഇവിടങ്ങളിലുള്ള സപ്ലൈകോയുടെ സ്‌റ്റോക്കുകള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇത് അടിയന്തരമായി നീക്കം ചെയ്യണം. സര്‍ട്ടിഫിക്കറ്റുകള്‍ ല്യമാക്കുന്നതിനുള്ള അദാലത്തുകള്‍ എല്ലാ പഞ്ചായത്തിലും ആരംഭിക്കണം. പ്രളയബാധിത മേഖലകളിലെ സഹകരണ സംഘങ്ങളെ ഡിവിഡന്റ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണം. നീലീശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തന ക്ഷമമായിട്ടില്ല മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതില്‍ നടപടി എടുക്കണം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ടിപ്പര്‍, ടോറസ് പോലുള്ള വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് നാല് ദിവസത്തെ വാടക നല്‍കാം എന്നാണ് പറയുന്നത്. ഇത് കൂടാതെ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുളള നടപടികളും സ്വീകരിക്കണം. മലയാറ്റൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലൊഴികെ ബാക്കി പതിനഞ്ച് വാര്‍ഡുകളിലും വെള്ളം കയറി. എന്നാല്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ വെള്ളം കയറിയത് രണ്ട് വാര്‍ഡുകളിലും കയറാത്തത് പതിനഞ്ച് വാര്‍ഡുകളിലുമെന്നായിരുന്നു. ഇതു മൂലം അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിച്ചില്ല .
ആന്റണി ജോണ്‍ എംഎല്‍എ
കോതമംഗലത്ത് പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവരുടെ വീടുകളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്. അവര്‍ക്ക്കൂടി സഹായങ്ങള്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ എടുക്കണം. പ്രളയത്തിന് ശേഷം പല സ്ഥലങ്ങളിലും പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി മുഖേനെ വെള്ളം എത്തിച്ച് കൊടുക്കണം. കോതമംഗലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ എലിപ്പനി രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ആദിവാസികള്‍ കൂടുതലുള്ള കോതമംഗലം മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ കൂടുതല്‍ ഉണ്ടാകണം. പ്രളയ ദുരന്തത്തില്‍ പെട്ട വ്യാപാരികള്‍ക്കും കൂടി അനുകൂലമായ നടപടികള്‍ ഉണ്ടാവണം
പിടി തോമസ് :എംഎല്‍എ
പെരിയാറില്‍ നിന്നും ചെളി അടിഞ്ഞതിനാല്‍ ആലുവയില്‍ നിന്നുള്ള ജല വിതരണം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളില്‍ നല്‍കിയ കിറ്റില്‍ ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉറപ്പു വരുത്തണം. ദുരിതാശ്വാസനിധിയിലേക്ക് പണം പിരിക്കുന്നത് കുറച്ചുകൂടി സുതാര്യമാക്കണം. ഇടപ്പള്ളി മാര്‍ക്കറ്റ് സമീപമുള്ള റേഷന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. മാര്‍ക്കറ്റിന് സമീപം ആയതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത കൂടുതലാണ്. കക്കൂസ് മാലിന്യങ്ങള്‍ പുഴകളില്‍ തള്ളുന്നത് നിര്‍ത്തലാക്കണം. വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നവര്‍ക്കുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്തണം. ആരോഗ്യം മുന്നില്‍കണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണം.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ദുരന്തങ്ങള്‍ അതിജീവിക്കുന്നതിന് മോക് ഡ്രില്‍ നടത്തണം.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരിച്ച അബ്ദുല്‍ മജീദിന് പ്രത്യേക പരിഗണന നല്‍കി ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കണം. മൂന്നു പേരെ രക്ഷപ്പെടുത്തിയാണ് മജീദ് മരണമടഞ്ഞത്.
വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാവശ്യമായ തുക കേന്ദ്രീകൃതമായി സമാഹരിക്കണമെന്ന് വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. എക്‌സൈസ് ടാക്‌സ് മറ്റു കുടിശ്ശിക ഇനത്തില്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇളവ് നല്‍കുകയാണെങ്കില്‍ അവരില്‍ നിന്നും കൂടുതല്‍ തുക സമാഹരിക്കാനാകുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലയിലെ മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കൃത്യത വരുത്തേണ്ടതുണ്ട്. കുന്നുകര പഞ്ചായത്തിലെ മാലിന്യനിര്‍മ്മാര്‍ജ്ജനം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. നീക്കം ചെയ്ത മാലിന്യങ്ങളുടെ അത്രയും തന്നെ ഇനിയും ജില്ലയില്‍ നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന 10000 രൂപ 50% ആളുകളില്‍ മാത്രമാണ് എത്തിയിരിക്കുന്നത് അത് ഉടന്‍ പൂര്‍ത്തിയാക്കണം.
ജില്ലയിലെ ആരോഗ്യസ്ഥിതി മെച്ചമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ആനച്ചാലില്‍ എലിപ്പനി മൂലം ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
അനൂപ് ജേക്കബ് എംഎല്‍എ
പ്രളയത്തെ തുടര്‍ന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എ. പൈപ്പ് തകര്‍ന്നത് മൂലം ശുദ്ധജലം മുടങ്ങിയ ആമ്പല്ലൂര്‍ എടക്കാട്ടു കുളം പഞ്ചായത്തില്‍ എത്രയും വേഗം നടപടിയെടുക്കണം. ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള കളക്ഷന്‍ െ്രെഡവ് ഉടന്‍ ആരംഭിക്കണം. ചെറുകിട വ്യാപാരികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കണം. ദുരിതബാധിതര്‍ക്ക് നല്‍കുന്ന 10,000 രൂപ വളരെ വേഗത്തില്‍ നല്‍കണം. അവശ്യസാധനങ്ങളുടെ വിതരണത്തില്‍ കാര്യത്തില്‍ കൃത്യത ഉറപ്പുവരുത്തണം.
വി .പി സജീന്ദ്രന്‍: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ ബ്രഹ്മപുരം പ്ലാന്റിന് പുറത്ത് നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണം. ജില്ലാ കലക്ടര്‍ ഇതില്‍ ഒരു തീരുമാനം എടുക്കണം. കുടിവെള്ളം, റോഡ്, വൈദ്യുതി എന്നിവ പൂര്‍ണ്ണമായും പുനസ്ഥാപിക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണം. തകരാറിലായ ചൂണ്ടി രാമമംഗലം റോഡ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അടിയന്തിരമായി റോഡിലെ കുഴി അടയ്ക്കണം. എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം, മറ്റ് അത്യാവശ്യ വസ്തുക്കള്‍ എന്നിവ കാലതാമസമില്ലാതെ എത്തണം.
ഇന്നസെന്റ് എംപി:
പ്രളയം പുത്തന്‍ അനുഭവമാണ്. അതിനാല്‍ രാഷ്ട്രീയം, മതം എന്നതിനപ്പുറത്ത് മനുഷ്യത്വം കാണിക്കാന്‍ സമയമാണിത്. ഗവണ്‍മെന്റ് എല്ലാം ചെയ്യുന്നുണ്ട്.
കെ ജെ മാക്‌സി എംഎല്‍എ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധാരാളം പണം കണ്ടെത്തണം. കൊച്ചി പനയപ്പിള്ളിയിലെ എം എം വി എച്ച് എസ് എസ് സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന കിറ്റും പതിനായിരം രൂപയും വളരെ വേഗത്തില്‍ നല്‍കണം.
മേയര്‍ സൗമിനി ജെയിന്‍:
ബ്രഹ്മപുരത്ത് മാലിന്യങ്ങള്‍ തരംതിരിക്കാതെയാണ് എത്തിക്കുന്നത്. ബ്രഹ്മപുരത്ത് നിര്‍ദേശിച്ച 100 ഏക്കറിനു പുറമേയും മാലിന്യനിക്ഷേപം നടക്കുന്നുണ്ട്. ഇത#് ഒഴിവാക്കണം. ഒഴുകിപ്പോയ റോഡിനുവേണ്ടി പ്രത്യേക തുക അനുവദിക്കണം.
ജില്ലയില്‍ പനി പ്രധാന പ്രശ്‌നമായ സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തണം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനങ്ങളില്‍ കുറച്ചുകൂടി മുന്‍കരുതലുകള്‍ എടുക്കണം.
ആശാ സനില്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മത്സ്യതൊഴിലാളികള്‍ക്ക് ബോട്ട്, വലകള്‍ എന്നിവയ്ക്കായി 50% സബ്‌സിഡി യില്‍ നിന്ന് നൂറ് ശതമാനം സബ്‌സിഡി നല്‍കണം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫിഷറീസ് മേഖലയില്‍ ഫണ്ട് വയ്ക്കാന്‍ സാധിക്കും. നബാര്‍ഡിന്റെ ഫണ്ട് വിഹതത്തില്‍ നിന്ന് പരമാവധി തുക ജില്ലയ്ക്ക് അനുവദിച്ച് തരണം. ജില്ലാ പഞ്ചായത്തിനു കീഴില്‍ ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തില്‍ നിന്നും 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.