വീടുകളില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിച്ച് ജലം ശേഖരിക്കേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തയ്യാറാക്കിയ ജലബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനാവശ്യമായ ബൃഹത് പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വേനല്‍ക്കാലത്തെ ജലക്ഷാമം ശാസ്ത്രീയമായി പരിഹരിക്കുന്നതിനാണ് ജലബജറ്റ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. ഭാവിയില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും പദ്ധതി തയ്യാറാക്കുന്നതിന് ഇത് സഹായകരമാകും. ജലസംരക്ഷണം, ജലസ്രോതസ്സുകളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ലോക ജലദിനത്തിനോടനുബന്ധിച്ച് മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി നിര്‍മാണം ആരംഭിക്കുന്ന 10 ഫാം കുളങ്ങളുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പി എം എ വൈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ നാല് ആര്‍ എം ടി വീടുകളുടെ താക്കോല്‍ദാനം എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍ ജലജകുമാരി, ജെ ഷാഹിദ, എസ് ഗിരിജ കുമാരി, ആര്‍ ദേവദാസ്, റെജി കല്ലംവിള, ജില്ലാ പഞ്ചായത്ത് അംഗം എസ് സെല്‍വി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.