ലോക വദനാരോഗ്യ ദിനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ സെമിനാറും ദന്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വ്വഹിച്ചു. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. പ്രിയ സേനന്‍ മുഖ്യ പ്രഭാഷണം നടത്തി. ബോധവല്‍ക്കരണ സെമിനാറിന് സീനിയര്‍ ഡന്റല്‍ സര്‍ജന്‍ ഡോ. ടി.എസ്. ദീപക്, ഡോ. ബിനിത വിശ്വം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിവിധതരം വദന രോഗങ്ങളുടെ ആധിക്യം കുറയ്ക്കുന്നതിന് വേണ്ടി ഒന്നിച്ചു പരിശ്രമിക്കാനുള്ള സന്ദേശമാണ് ലോക വദനാരോഗ്യ ദിനാചരണത്തിലൂടെ നല്‍കുന്നത്. ‘നിങ്ങളുടെ വദനാരോഗ്യത്തില്‍ അഭിമാനിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. നല്ല വദനാരോഗ്യം ലഭിക്കുന്നതിനുള്ള അവബോധം പൊതു ജനങ്ങള്‍ക്ക് നല്‍കുക എന്നുള്ളതാണ് ലോക വദനാരോഗ്യദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഈ സന്ദേശത്തെ മുന്‍ നിര്‍ത്തി ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ട്രൈബല്‍ കോളനികള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, വൃദ്ധ സദനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍, ദന്ത പരിശോധന ക്യാമ്പ് എന്നിവ നടത്തി.
നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എന്‍. ഓമന, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹിര്‍ മുഹമ്മദ്, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ. രാമദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിധീഷ് ലെനിന്‍, ദേശീയ ആരോഗ്യ ദൗത്യം പ്രതിനിധി ടി.കെ ശാന്തമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
