ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 2023-2024 സാമ്പത്തിക വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. അഞ്ചു കോടി രൂപയുടെ പദ്ധതികളാണ് കരട് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉത്പാദന മേഖലക്കായി 80 ലക്ഷം രൂപയും ഭവന നിര്‍മാണത്തിനായി ഒരു കോടി രൂപയും വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പഴയ മന്ദിരം ചരിത്ര -സാംസ്‌കാരിക- കാര്‍ഷിക മ്യൂസിയമായി മാറ്റും. തൊഴില്‍മേള, പോഷകശ്രീ, തൃണകം, എ ബി സി പ്രോഗ്രാം, ജെന്‍ഡര്‍ ബജറ്റിങ്, പട്ടികജാതി വിഭാഗക്കാര്‍ക്ക് വീടിനോട് ചേര്‍ന്ന് കടമുറി, ആയുഷ് ഗ്രാമം, വൃക്ക രോഗികള്‍ക്ക് മരുന്ന് വാങ്ങല്‍, കേരഗ്രാമം, ക്യാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പ് തുടങ്ങിയ നൂതന പദ്ധതികളും രൂപീകരിച്ചു. ജലസംരക്ഷണം, ശുചിത്വ മാലിന്യ സംസ്‌കരണം എന്നിവയ്ക്കും ഊന്നല്‍ നല്‍കും.
വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി വി സത്യന്‍ പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ദസ്തക്കീര്‍, എസ് ശകുന്തള, ബി ഡി ഒ ശംഭു തുടങ്ങിയവര്‍ പങ്കെടുത്തു.