ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി 2023-2024 സാമ്പത്തിക വര്‍ഷത്തെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 63,94,15,576 രൂപ വരവും 63,87,72,645 രൂപ ചെലവും 6,42,931 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

ആരോഗ്യം, പശ്ചാത്തല വികസനം, വനിതാക്ഷേമം, പട്ടികജാതി വികസനം എന്നിവയ്ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കി. വനിതാ പുരോഗതിക്കായി 93,53,000 രൂപ, സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് ഉന്നതി, വയോജന സംരക്ഷണത്തിനായി 30 ലക്ഷം രൂപ, വയോമിത്രം സ്‌നേഹതീരം എന്നീ പദ്ധതികള്‍ മുഖേന വയോജനങ്ങളുടെ സംരക്ഷണവും മരുന്നും ഉറപ്പുവരുത്തും.

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ആധുനിക ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ നെടുമ്പന സി എച്ച് സിയില്‍ സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്കായി 1,98,00,000 രൂപയും ശുചിത്വ- കുടിവെള്ള മേഖലക്കായി 1,01,00,000 രൂപയും ചെലവഴിക്കും.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി 4500 കുടുംബങ്ങള്‍ക്ക് 5.5 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. പട്ടികജാതി മേഖലയുടെ സമഗ്ര വികസനത്തിന് 2,31,31,000 രൂപ വകയിരുത്തി. എസ് സി കോളനികളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന ആദിത്യകിരണം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും. ബ്ലോക്ക് പഞ്ചായത്തില്‍ ഇ-ഓഫീസ് മാതൃക സജ്ജീകരിക്കും. അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സമഗ്ര പദ്ധതികളും വിഭാവനം ചെയ്തു.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഹുസൈന്‍ എച്ച് പൊതുബജറ്റും, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് എം ജെന്‍ഡര്‍ ബജറ്റും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ ബി അധ്യക്ഷയായി. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ ജെ , മറ്റ് സ്ഥിര സമിതി അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.