‘ഒരു പശുവിനെ സ്‌പോണ്‍സര്‍ ചെയ്യൂ, ഒരു കുടുംബത്തെ രക്ഷിക്കൂ’ മികച്ച മാതൃകയുമായി വയനാട് ജില്ലാ ക്ഷീരവികസന വകുപ്പ്

പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ജീവിതം വഴിമുട്ടിയ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി ജില്ലാ ക്ഷീരവികസന വകുപ്പ്. ‘ഒരു പശുവിനെ സ്‌പോണ്‍സര്‍ ചെയ്യൂ, ഒരു കുടുംബത്തെ രക്ഷിക്കൂ’ എന്ന പദ്ധതിയിലൂടെ ഏക വരുമാന മാര്‍ഗ്ഗമായ പശുക്കളെ നഷ്ടപ്പെട്ട നൂറു കണക്കിന് ക്ഷീരകര്‍ഷകരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജില്ലാ ക്ഷീരവികസന വകുപ്പ്. പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ക്ഷീരവികസന വകുപ്പ് ഓഫിസിലെ ജീവനക്കാര്‍ തന്നെ ആദ്യമായി പശുവിനെ വാങ്ങി നല്‍കിയും മാതൃകയായി. ഉരുള്‍പൊട്ടലില്‍ പശുക്കളും വീടും തൊഴുത്തും ഒലിച്ചുപോയ മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവിനും ഭാര്യ നബീസക്കുമാണ് ക്ഷീരവികസന വകുപ്പ് ഓഫിസര്‍ വി.എസ് ഹര്‍ഷയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന് എച്ച്.എഫ്. ഇനത്തില്‍പ്പെട്ട പശുവിനെ വാങ്ങി നല്‍കിയത്. കഴിഞ്ഞ 50 വര്‍ഷങ്ങളായി പശുക്കളെ വളര്‍ത്തി ജീവിക്കുന്ന ഇവരുടെ ഏഴു പശുക്കളാണ് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മലയില്‍ ആഗസ്റ്റ് ഒമ്പതിന് ഉണ്ടായ വ്യാപക ഉരുള്‍പ്പൊട്ടലില്‍ ചത്തത്. ഉരുള്‍പ്പൊട്ടുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുമ്പോഴേക്കും വീടും തൊഴുത്തും ഏഴു പശുക്കളും മണ്ണിനടിയിലകപ്പെടുകയായിരുന്നു. ദിവസവും 50 ലിറ്ററോളം പാല്‍ തരിയോട് ക്ഷീര സംഘത്തില്‍ വിറ്റിരുന്ന ഈ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗവും ഇതോടെ നിലച്ചു. ഏറെ കാലത്തെ അധ്വാനവും സമ്പാദ്യവും മണ്ണിടിഞ്ഞു മണ്‍കൂന മാത്രമായി മാറിയതിന്റെ നടുക്കവും ഈ കുടുംബത്തിന് ഇതുവരെ മാറിയിട്ടില്ല. പശുക്കളുടെ ജഡങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് കിട്ടിയത്. ഉരുള്‍പ്പൊട്ടിയത് പകല്‍സമയത്ത് ആയതിനാല്‍ അന്ന് ആളപായം ഒഴിവാകുകയായിരുന്നു.
മൊയ്തുക്കയുടെ ദുരിതം കണ്ടു മടങ്ങിയപ്പോള്‍ തന്നെ ആ ക്ഷീരകര്‍ഷകനെ മടക്കികൊണ്ടുവരണമെന്ന് തീരുമാനിച്ചിരിന്നുവെന്ന് ക്ഷീരവികസന വകുപ്പ് ഓഫിസര്‍ വി.എസ്. ഹര്‍ഷ പറഞ്ഞു. ‘വയനാട്ടില്‍ നിരവധി പശുക്കള്‍ ചത്തുപോയി. പല കര്‍ഷകര്‍ക്കും പകരം ഒന്നിനെ വാങ്ങാന്‍ നിവൃത്തിയില്ല. തകര്‍ന്ന വീട്, ഗൃഹോപകരണങ്ങള്‍, കൃഷി എന്നിവയുടെ കൂടെ കന്നുകാലികളുടെ നഷ്ടം കൂടി കര്‍ഷകര്‍ക്കു താങ്ങാന്‍ കഴിയില്ല. ഒരു നല്ല പശുവിന് 55000-70000 രൂപ വരെയെങ്കിലും വിലയുണ്ട്. പശുവിനെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പശുവിനെ നല്‍കുന്നത് ഒരു സഹായമാണ്. ഒന്നു തുടങ്ങിവച്ചാല്‍, ഇനിയും ആരെങ്കിലും മറ്റു കര്‍ഷകരെയും സഹായിക്കും എന്ന വിശ്വാസമുണ്ട്. അതിന് മാതൃകയും പ്രേരണയും ആകട്ടെയെന്ന് കരുതിയാണ് നന്മയുടെ നാള്‍വഴി മൊയ്തുക്കയില്‍ നിന്ന് തുടങ്ങിയതെന്നും ഹര്‍ഷ പറഞ്ഞു. പ്രസവിച്ചു ഒമ്പത് ദിവസങ്ങളായ 16 ലിറ്ററോളം പാല്‍ ദിവസവും ലഭിക്കുന്ന പശുവിനെ ദുരന്തം നടന്നു ഒരു മാസത്തിനുള്ളില്‍ തന്നെ മൊയ്തുവിന്റെ വീട്ടിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരുമിപ്പോള്‍. തരിയോട് ക്ഷീര സംഘം പ്രതിനിധികള്‍ കാലിത്തീറ്റ, വൈക്കോല്‍, പച്ചപ്പുല് എന്നിവയും നല്‍കി. മൊയ്തുവിനെപ്പോലെയുള്ള കര്‍ഷകര്‍ക്ക് ഇനിയും പശുക്കളെ വേണം. പശുവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായി നിലവില്‍ മൂന്നുപേര്‍ സ്‌പോണ്‍സര്‍ഷിപ്പിന് തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഇനിയും ആളുകള്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ക്ഷീരവികസന വകുപ്പ്.