വയനാട്: കൂവണ പണിയ കോളനിയിലെ ദുരിതത്തിനു താല്‍ക്കാലിക പരിഹാരം. അടച്ചുറപ്പുള്ള മേല്‍ക്കൂരയ്ക്കു കീഴില്‍ മഴയൊട്ടും നനയാതെ കോളനിവാസികള്‍ക്കിനി കിടന്നുറങ്ങാം. പട്ടികവര്‍ഗ വികസന വകുപ്പ് താല്‍ക്കാലിക താമസ സൗകര്യമുണ്ടാക്കിയതാണ് കോളനിവാസികള്‍ക്ക് ആശ്വാസമായത്. ജില്ലയിലുണ്ടായ പ്രളയം കോളനിവാസികളെയും കാര്യമായി ബാധിച്ചിരുന്നു. വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണതിനെ തുടര്‍ന്നു കോളനിയിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് പട്ടികവര്‍ഗ വികസന വകുപ്പ് താല്‍ക്കാലിക പാര്‍പ്പിടം ഒരുക്കിയത്. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് തരുവണ കൂവണ പണിയ കോളനി. കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാതയിലാണ് മൂന്നുലക്ഷത്തോളം രൂപ ചെലവഴിച്ച് താല്‍ക്കാലിക പാര്‍പ്പിടം നിര്‍മ്മിച്ചത്. സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. അഞ്ചു താമസമുറികളും രണ്ട് അടുക്കളയും ചേര്‍ന്നതാണ് താല്‍ക്കാലിക പാര്‍പ്പിടം. ജില്ലയിലാദ്യമായാണ് ഇത്തരത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ ഹാംലെറ്റ് പദ്ധതിയിലുള്‍പ്പെടുത്തി കോളനിയില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊജക്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ കോളനിയോട് ചേര്‍ന്നു ഭൂമി വിലയ്‌ക്കെടുക്കുന്ന നടപടികളും അന്തിമ ഘട്ടത്തിലാണ്. ഭൂമി വിലയ്‌ക്കെടുത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതോടെ കോളനിയുടെ മുഖച്ഛായ തന്നെ മാറും. പട്ടികവര്‍ഗ വികസന വകുപ്പ് നടത്തിയ അടിയന്തര ഇടപെടലില്‍ താല്‍ക്കാലികമെങ്കിലും കിടന്നുറങ്ങാന്‍, നല്ല ഇടം ലഭിച്ച സന്തോഷത്തിലാണിപ്പോള്‍ കോളനി നിവാസികളും.