ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ടി.ബി യൂണിറ്റ്, ദേശീയ ആരോഗ്യ ദൗത്യം, ഐ.എം.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ഷാബിറ ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ ലക്ഷണങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ക്ഷയരോഗത്തെ പൂര്‍ണമായും തുടച്ചുമാറ്റാന്‍ സാധിക്കൂവെന്നും ഇപ്പോള്‍ ജനങ്ങള്‍ക്ക് വാക്സിനെടുക്കാനുള്ള വിമുഖത മാറി വന്നിട്ടുണ്ടെന്നും എ. ഷാബിറ പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയേ ക്ഷയരോഗത്തെ കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കാന്‍ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘അതെ നമുക്ക് ക്ഷയരോഗത്ത തുടച്ചു നീക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത അധ്യക്ഷയായ പരിപാടിയില്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ് ഡയറക്ടര്‍ ഒ.കെ മണി ക്ഷയരോഗ സന്ദേശവും ക്ഷയരോഗ പ്രതിജ്ഞയും ചൊല്ലി. തുടര്‍ന്ന് മികച്ച ടി.ബി യൂണിറ്റിന് ചിറ്റൂര്‍ ടി.ബി യൂണിറ്റ്, ടി.ബി ബാധിതര്‍ക്കുള്ള പോഷകാഹാര സേവനം മികച്ച രീതിയില്‍ നടപ്പാക്കിയതിന് ആലത്തൂര്‍ ടി.ബി യൂണിറ്റ് ടീം, സ്വകാര്യ മേഖലയിലെ ടി.ബി നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തങ്കം ആശുപത്രി, ഏറ്റവും നല്ല ചികിത്സാ സപ്പോര്‍ട്ടറായി യാക്കര വെസ്റ്റ് 29-ാം വാര്‍ഡിലെ എ. വിജയ, ഏറ്റവും കൂടുതല്‍ ഇഗ്ര (ടി.ബി രോഗനിര്‍ണയ ടെസ്റ്റ്) പരിശോധനകള്‍ നടത്തിയതിന് ജില്ലാ ആശുപത്രി ലാബിലെ പ്രമോദ് എന്നിവര്‍ക്ക് എ. ഷാബിറ പുരസ്‌കാരങ്ങള്‍ നല്‍കി. പരിപാടിയോടനുബന്ധിച്ച് ക്ഷയരോഗ വിമുക്തരായവരുടെ അനുഭവ വിവരണവും ക്ഷയരോഗ സന്ദേശ പ്രചാരണാര്‍ത്ഥ കലാപരിപാടികളും നടന്നു.
പരിപാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍ ശെല്‍വരാജ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എ നാസര്‍, സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. പ്രേംകുമാര്‍, ഐ.എം.എ പ്രസിഡന്റ് എന്‍.എം അരുണ്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. സലിന്‍ കെ. ഏലിയാസ്, ജില്ലാ ടി.ബി ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ഡോ. പി. സജീവ് കുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ എ.കെ അനിത, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മാസ് മീഡിയാ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ജില്ലാ പഞ്ചായത്ത് വരെ നടത്തിയ ബോധവത്കരണ റാലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, ആഷാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.