ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കം മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ എന്നിവർ വിലയിരുത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. പൊലീസ് പ്രത്യേക സുരക്ഷാ പദ്ധതി തയാറാക്കിയതായും 1460 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.


ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘത്തെ വിവിധ സ്ഥലങ്ങളിലായി വിന്യസിക്കും. കായലിലടക്കം സുരക്ഷയ്ക്കായി 10 സ്‌കൂബ ടീമിനെ അഗ്‌നി രക്ഷാസേന നിയോഗിക്കും. പ്രധാനപന്തലിൽ 15000 പേർക്ക് ഇരിപ്പിട സൗകര്യമൊരുക്കും. ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാൻ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ എൽ.ഇ.ഡി. വോളുകൾ സ്ഥാപിക്കും. ശുചിത്വമിഷനും നഗരസഭയും ഹരിത കർമ്മ സേനയും ചേർന്ന് പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കി ശുചീകരണ നടപടികൾ സ്വീകരിക്കും. സർക്കാർ – സ്വകാര്യ ആംബുലൻസ് സേവനമുണ്ടാകും. മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘവുമുണ്ട്. ജില്ലയിൽ നിന്ന് 50,000 കുടുംബശ്രീ പ്രവർത്തകർ പങ്കാളികളാകും.
വൈക്കം ബീച്ചിലെ പ്രധാന വേദിയിലും നഗരത്തിലും നടക്കുന്ന പ്രവർത്തനങ്ങൾ മന്ത്രിമാർ നേരിട്ടെത്തി വിലയിരുത്തി. അവലോകന യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സി.കെ. ആശ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ രാധിക ശ്യാം, മുൻ എം.എൽ.എ. വൈക്കം വിശ്വൻ, സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, വൈക്കം എ.സി.പി. നകുൽ ദേശ്മുഖ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ആർ.ഡി.ഒ. പി.ജി. രാജേന്ദ്ര ബാബു , തഹസിൽദാർ ടി.എൻ . വിജയൻ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.