സമൂഹത്തില്‍ അന്തസോടെ ജീവിക്കാന്‍ എല്ലാ അവകാശങ്ങളും ഉള്ളവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗമെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും കെല്‍സ(കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിട്ടി) മെമ്പര്‍ സെക്രട്ടറിയുമായ കെ.ടി നിസാര്‍ അഹമ്മദ് പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദപരമായ കേരളം വിഭാവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ മഹാരാജാസ് കോളേജ്, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, രാജഗിരി കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

എറണാകുളം മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ബിന്ദു ശര്‍മ്മിള അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ അഡ്വ. സന്ധ്യ രാജു ക്ലാസ് നയിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റീവിസ്റ്റുകളായ സ്വീറ്റി ബെര്‍നാര്‍ഡ്, നിവേദ് ആന്റണി, ലുലു സഫീസത്ത് എന്നിവര്‍ സമൂഹത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനുഭവങ്ങളിലൂടെ വിശദീകരിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ. ഉഷ, മഹാരാജാസ് കോളേജ് എന്‍.എസ്.എസ് കോ ഓഡിനേറ്റര്‍മാരായ ഷാജു മാത്യു, ഡോ.മെര്‍ളി മോള്‍ ജോസഫ്, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ കൃപ മരിയ, സീനിയര്‍ സൂപ്രണ്ട് എം.വി. സ്മിത എന്നിവര്‍ പങ്കെടുത്തു.