കാൽനട യാത്രക്കാരെ ഊർജോത്പാദകരാക്കുന്ന ഫുട്ട് ഫാൾ എനർജി ജനറേറ്റർ തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിൽ പ്രവർത്തനം തുടങ്ങുന്നു. 27 ന് (തിങ്കൾ) വൈകീട്ട് 6 ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് യന്ത്രം നാടിന് സമർപ്പിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
വേളി ടൂറിസ്റ്റ് വില്ലേജിലെ വഴിവിളക്കുകൾ തെളിയിക്കുന്നതിനാണ് ‘ഫൂട്ട് ഫാൾ എനർജി ജനറേറ്റ’റിൽ നിന്നുള്ള ഊർജ്ജം ഉപയോഗപ്പെടുത്തുക. കാൽനടയാത്രക്കാർ കയറ്റിറക്കത്തിലൂടെ നടക്കുമ്പോൾ സ്ഥിതികോർജ്ജത്തിലുണ്ടാകുന്ന വ്യതിയാനത്തെ വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് ഇക്വിലിബ്രിയം ഗ്രീൻ എനർജി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ്. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ- ഡിസ്‌ക്) ആണ് ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്.
ജനസാന്ദ്രതയേറിയ ഇടങ്ങളിൽ വഴിവിളക്കുകൾ പോലുളളവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് യന്ത്രത്തിന്റെ രൂപകല്പന. പിസോ സെൻസറുകൾക്ക് പകരം ഇലക്ട്രോമെക്കാനിക്കൽ സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.