മുതിർന്ന മാധ്യമ പ്രവർത്തക അമ്മു ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കി കേരള മീഡിയ അക്കാദമി നിർമ്മിക്കുന്ന ഡോക്യൂഫിക്ഷൻ സ്വിച്ച് ഓൺ ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. ജൻഡർ ഇൻ മീഡിയ എന്ന വിഷയത്തിൽ പുസ്തകം എഴുതിയ പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമാണ് അമ്മു ജോസഫ്. സരസ്വതി നാഗരാജൻ തിരക്കഥ എഴുതിയ ഡോക്യൂഫിക്ഷൻ ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്യുന്നു. ജനാധിപത്യവും മൗലിക അവകാശങ്ങളും നിരോധിക്കപ്പെടുന്ന കാലഘട്ടത്തിൽ യഥാർത്ഥ സത്യങ്ങളെ മുന്നോട്ട് കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വർത്തമാനകാല യാഥാർത്ഥ്യങ്ങളെ മുന്നോട്ട് കൊണ്ടുവരാൻ മാധ്യമ പ്രവർത്തകർക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമ്മു ജോസഫിനെ പോലൊരു മാധ്യമ പ്രവർത്തകയെ കുറിച്ച് പുതുതലമുറ അറിഞ്ഞിരിക്കണം എന്നും ഇത്തരമൊരു ഡോക്യൂഫിക്ഷൻ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും സംവിധായക ഷൈനി ബെഞ്ചമിൻ പറഞ്ഞു.അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പാർലിമെന്റ് അംഗം കെ വി തോമസ്, കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ് , സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവർ സംസാരിച്ചു.