കേരള മീഡിയ അക്കാദമി, കേരള പത്രപ്രവർത്തക യൂണിയൻ, ദ ന്യൂസ്‌ മിനിറ്റ്, ന്യൂസ്‌ ലോൻട്രി, കോൺഫ്ലുൻസ് മീഡിയ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ സമാപിച്ചു. 24 ന് വിശ്രുത ഫോട്ടോഗ്രഫർ രഘുറായ് ഉദ്ഘാടനം ചെയ്ത ഇന്റർനാഷണൽ ഫോട്ടോ ഫെസ്റ്റിവലോടെയായിരുന്നു മേളയുടെ തുടക്കം. ഫെസ്റ്റിവലിൽ അന്താരാഷ്ട്ര പ്രശസ്തരായ ഫോട്ടോഗ്രഫർമാരുടെ പ്രശസ്ത ഫോട്ടോകൾ പ്രദർശിപ്പിച്ചത് വിസ്മയമായി. 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമോത്സവം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഉടനീളമുള്ള വിവിധ മാധ്യമസ്ഥാപനങ്ങളിലെ 500-ഓളം വിദ്യാർത്ഥികളും മാധ്യമാധ്യാപകരും മാധ്യമോത്സവത്തിൽ പങ്കെടുത്തു.

മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ 2021 പുരസ്‌കാരത്തിനു അർഹയായ പ്രശസ്ത മാധ്യമ പ്രവർത്തക പാവ് ല ഹോൾസോവ, ജോസി ജോസഫ്, തോമസ് ജേക്കബ്, ആർ കിരൺ ബാബു, ധന്യ രാജേന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരുന്നു.

മുൻവർഷങ്ങളിൽ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം നേടിയ മുതിർന്ന പത്രപ്രവർത്തകരെ ആദരിച്ചു. വേദിയിൽ കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു.സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയതു. മുൻ കേന്ദ്ര മന്ത്രി കെ വി തോമസ്, മേയർ അനിൽ കുമാർ, കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ് , സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവർ സംസാരിച്ചു.കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു.