എളങ്കുന്നപ്പുഴ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ സജ്ജമാക്കിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കുന്ന പദ്ധതിയായ സ്കൂൾ വെതർ സ്റ്റേഷന്റെ ഭാഗമായാണ് എളങ്കുന്നപ്പുഴ സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുറന്നത്.

പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങൾ മനസിലാക്കുക, വിദ്യാർത്ഥികളിൽ ഭൂമിശാസ്ത്ര വിഷയത്തോട് അഭിരുചിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഓരോ ദിവസത്തെയും അന്തരീക്ഷ സ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കുന്നതിനും രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റ തയാറാക്കുന്നതിനും സാധിക്കും. മഴയുടെ തോത് അളക്കുന്നതിനുള്ള മഴമാപിനി, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെർമോമീറ്ററുകൾ, അന്തരീക്ഷ ആർദ്രത അളക്കുന്നതിന് വെറ്റ് ആർ ഡ്രൈ ബൾബ് തെർമോമീറ്റർ, കാറ്റിന്റെ ദിശ അറിയുന്നതിനുള്ള വിൻഡ് വെയ്ൻ, കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന കപ്പ് കൗണ്ടർ മീറ്റർ തുടങ്ങി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങൾ തന്നെയാണ് സ്കൂൾ
വെതർ സ്റ്റേഷനുകളിലും ഒരുക്കിയിരിക്കുന്നത്. വൈപ്പിൻ ബി.ആർ.സിയുടെ നേതൃത്വത്തിലാണ് എളങ്കുന്നപ്പുഴ സ്കൂളിൽ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. ഡോണോ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രസികല പ്രിയരാജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോഫിയ ജോയ്, വാർഡ് അംഗം മേരി പീറ്റർ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.കെ. മഞ്ജു, ബി ആർ സി പരിശീലകരായ ജെയ്നി ജോസഫ്, പാരിജ ഫ്രാൻസിസ്, പ്രിൻസിപ്പാൾ പാൻസി ജോസഫ് ,ഹെഡ്മിസ്ട്രസ് എൻ.കെ. സീന, പിടിഎ പ്രസിഡന്റ് കെ.എസ്. മനോജ്, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ഷനോജ് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.എസ്. കല എന്നിവർ പങ്കെടുത്തു.