മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
45 കോടി രൂപയില്‍ സ്‌പെഷ്യാലിറ്റി കെട്ടിടം
എട്ടുകോടിയുടെ ആധുനിക കാത്ത് ലാബ്
വയനാടിന്റെ ആരോഗ്യരംഗത്ത് പുതിയ കാല്‍വെപ്പുമായി വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബും മള്‍ട്ടി സ്‌പെഷ്യാലിറ്റി കെട്ടിടവും ഒരുങ്ങി. പുതിയതായി നിര്‍മ്മിച്ച 7 നില മള്‍ട്ടി പര്‍പ്പസ് സൂപ്പര്‍ സെപഷാലിറ്റി കെട്ടിടവും, കാത്ത് ലാബും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 2 ന് നാടിന് സമര്‍പ്പിക്കും. 45 കോടി രൂപ ചെലവിലാണ് 8 നിലകളിലായാണ് മള്‍ട്ടി പര്‍പ്പസ് കെട്ടിടം പൂര്‍ത്തീകരിച്ചത്. മെഡിക്കല്‍ ഒ.പി, എക്സറേ, റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ് സെന്റര്‍, സ്ത്രി, പുരുഷ വാര്‍ഡുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹൃദ്രോഗ ചികിത്സ രംഗത്ത് പുതിയ വാഗ്ദാനമാണ് വയനാട് മെഡിക്കല്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോടെ തുടങ്ങുന്ന കാത്ത് ലാബ്. ഹൃദ്രോഗികള്‍ക്ക് വിദ്ഗധ ചികിത്സയാണ് ഇവിടെ ഇനി ലഭ്യമാവുക. 8 കോടി രൂപ ചിലവിലാണ് കാത്ത് ലാബ് നിര്‍മ്മിച്ചിരിക്കുന്നത്. വയനാട് ജില്ലയുടെ അതിരിടുന്ന കണ്ണൂര്‍ ജില്ലയിലെ കേളകം, കൊട്ടിയൂര്‍, കര്‍ണാടകയിലെ ബാവലി, ബൈരക്കുപ്പ പ്രദേശങ്ങളിലുളളവര്‍ക്കും കാത്ത് ലാബ് ആശ്വാസകരമാകും.
ഏപ്രില്‍ 2 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്ജ്, പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് കണ്‍വീനറും, ഒ.ആര്‍ കേളു എം.എല്‍.എ ചെയര്‍മാനുമായ ജനറല്‍ കമ്മിറ്റിയില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, അഡ്വ.ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ഒ.ആര്‍.കേളുഎം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥന്മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.