ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപയാണ് അവാർഡ് തുക. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുരസ്‌കാരം നൽകി വരുന്നത്.
ജില്ലാ തലത്തിൽ പനങ്ങാട് ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനത്തിന് അർഹമായി. 5 ലക്ഷമാണ് അവാർഡ് തുക. പനങ്ങാട്, വയലട ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കും ജീവിത ശൈലി രോഗ നിയന്ത്രണത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി അരിക്കുളം പഞ്ചായത്തിനെ തിരഞ്ഞെടുത്തു. 3 ലക്ഷമാണ് അവാർഡ് തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചിലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, മറ്റു ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‌കാര നേട്ടം. അതോടൊപ്പം പ്രതിരോധ കുത്തിവെപ്പ്, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം, വാർഡ്തല ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയും വിലയിരുത്തി.
പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ആശ, ഹരിത കർമ്മ സേന പ്രവർത്തകരുടെയും നിസ്വാർത്ഥമായ സഹായ സഹകരണമാണ് പഞ്ചായത്തിനെ ആർദ്രം പുരസ്‌ക്കാര നേട്ടത്തിന് അർഹമാക്കിയതെന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ പറഞ്ഞു.
ജില്ലയിൽ മികച്ച മൂന്നാമത്തെ പഞ്ചായത്തായി തിരഞ്ഞെടുത്തത് കടലുണ്ടി ഗ്രാമപഞ്ചായത്തിനെയാണ്. 2 ലക്ഷമാണ് അവാർഡ് തുക. ആരോഗ്യ മേഖലയിൽ ജില്ലയുടെ മികച്ച പ്രവർത്തനം തെളിയിക്കുന്നതാണ് ഈ അവാർഡ് നേട്ടങ്ങൾ.