സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ സ്വീകാര്യതയേറിയതായി മന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി ധനസഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച കുണ്ടറ കെ ജി വി ഗവണ്മെന്റ് യു പി സ്‌കൂളിലെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ മതിയായ വിദ്യാലയങ്ങളില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് എത്ര വലിയ സാമ്പത്തിക പ്രതിസന്ധികള്‍ വന്നാലും വിദ്യാഭ്യാസ മേഖലയെ അത് ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പി സി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനായി. മുന്‍ മന്ത്രി ജെ മേഴ്സികുട്ടിയമ്മ സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ ദാനം നടത്തി. രാഷ്ട്രാന്തര പ്രീ പ്രൈമറി സ്‌കൂളിന്റെ നിര്‍മാണ ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എം പി നിര്‍വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ എം ഡി പി ഐ ഷെയ്ക് പരീത്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗ്രേസി തോമസ്, പി ടി എ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ് ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.