കേരള വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന പറവകൾക്ക് ഒരു തണ്ണീർക്കുടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. വേനൽക്കാലത്ത് പക്ഷികൾക്ക് കുടിനീർ ലഭ്യത ഉറപ്പ് വരുത്താൻ കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. മലപ്പുറം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസ് പരിസരങ്ങളിലാണ് പക്ഷികൾക്കായി കുടിനീർ ഒരുക്കുന്നത്.

ഇതോടൊപ്പം ജില്ലയിലെ ഫോറസ്ട്രി ക്ലബുകളുടെ സഹകരണത്തോടെ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇത്തരത്തിൽ തണ്ണീർക്കുടങ്ങൾ ഒരുക്കുന്നുണ്ട്. കലക്ട്രേറ്റിൽ നടന്ന പരിപാടിയിൽ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മലപ്പുറം ഡി.സി.എഫ് വി. സജികുമാർ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ് മുഹമ്മദ് നിഷാൽ, ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എൻ.പി ദിവാകരനുണ്ണി, കെ. ശിവദാസൻ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.