ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ മഞ്ഞൾകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ 160 വാർഡുകളിലും മഞ്ഞൾകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് അടക്ക സുഗന്ധ വിള വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. മഞ്ഞൾ കൃഷിയും കീടനിയന്ത്രണവും എന്ന വിഷയത്തിൽ ഭാരതീയ സു​ഗന്ധവിള വികസന ഡയറക്ട്രേറ്റ് പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ.സി.കെ തങ്കമണി ക്ലാസെടുത്തു.

തുടക്കത്തിൽ ഒരു വാർഡിൽ ഒരു ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുകയാണ് ലക്ഷ്യം. രണ്ട് പഞ്ചായത്തുകളിലാണ് കൃഷി ആരംഭിക്കുക. ഔഷധ ഗുണം ഏറെയുള്ള മഞ്ഞളിന്റെ ഉത്പാദനം വർധിപ്പിക്കുന്നതോടൊപ്പം മൂല്യ വര്‍ധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ലക്ഷ്യം വെക്കുന്നു. ബാലുശ്ശേരി മണ്ഡലം വികസന സെമിനാറിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ മണ്ഡലത്തിൽ ഒരു പ്രധാന വിള തെരെഞ്ഞെടുക്കാനും എല്ലാ വാർഡുകളിലും പ്രസ്തുത വിളകൾ കൃഷി ചെയ്യുന്നതിനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനും നിർദ്ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 160 വാർഡുകളിൽ നിന്നായി 200 പേർ പരിപാടിയിൽ പങ്കെടുത്തു.

ബാലുശ്ശേരി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, നടുവണ്ണൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ മാസ്റ്റർ, അടക്ക സുഗന്ധ വിള വികസന ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. സമയബന്ധിതമായ പദ്ധതി നിർവ്വഹണത്തെക്കുറിച്ച് മണ്ഡലം കാർഷികസമിതി പ്രതിനിധി ശശി കോലോത്ത് വിശദീകരിച്ചു. ബാലുശ്ശേരി മണ്ഡലം വികസനസമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ സ്വാ​ഗതവും ബാലുശ്ശേരി എ.ഡി.എ മുഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു.