നാടിന്റെ സമസ്ത മേഖലകളുടെയും വികസനം ലക്ഷ്യമിട്ട് വടകര നഗരസഭ ബജറ്റ്. 124.21 കോടി രൂപ വരവും 112. 74 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെയർ പേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷയായ യോഗത്തിൽ വൈസ് ചെയർമാൻ പി.സജീവ് അവതരിപ്പിച്ചു.

പാശ്ചാത്തല, ആരോഗ്യ, വനിതാ മേഖലകളിലെ വിവിധ പദ്ധതികൾക്ക് പരിഗണന നൽകുന്നതാണ് ബജറ്റ്. പാശ്ചാത്തല മേഖല വികസനത്തിന് 3 കോടി 19 ലക്ഷം രൂപയും കാർഷിക മേഖലയിലെ തുടർ പ്രവൃത്തികൾക്കായി അമ്പത് ലക്ഷം രൂപയും വകയിരുത്തി. ആരോഗ്യ-ശുചിത്വ മേഖലക്ക് ഒരു കോടി 30 ലക്ഷം രൂപയും, ആയുർവേദ ആശുപത്രി വികസനത്തിനും മരുന്നിനും 23 ലക്ഷം രൂപയും, നെറ്റ് സീറോ കാർബൺ നടപ്പാക്കാൻ രണ്ടു ലക്ഷം രൂപയും വകയിരുത്തി.

പകൽ വീടിന്റെ പ്രവർത്തനങ്ങൾക്കായി പത്ത് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ബജറ്റ് വകയിരുത്തിയിട്ടുള്ളത്. നഗരത്തിൽ എത്തിച്ചേരുന്നവർക്ക് സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി സാംസ്കാരിക ചത്വര നിര്‍മ്മാണത്തിന് 25 ലക്ഷം രൂപയും, കുഞ്ഞിരാമൻ വക്കീൽ പാലം മുതൽ സാൻഡ് ബാങ്ക്സ് വരെ വഴിയോര സൗന്ദര്യവൽക്കരണത്തിന് 40 ലക്ഷവും, കാരാട്ട് ഗ്രൗണ്ട് തീര സംരക്ഷണത്തിന് 25 ലക്ഷവും, ജൂബിലി കുളം നവീകരണത്തിന് 75 ലക്ഷവുമാണ് വകയിരുത്തിയത്.

പാലിയേറ്റീവ് പ്രവർത്തനത്തിന് 14.30 ലക്ഷം, വെൽനെസ് സെന്ററുകൾക്ക് 1 കോടി 33 ലക്ഷം, നഗരസഭ കലാ സാംസ്കാരിക അക്കാദമിക്ക് 3 ലക്ഷം, സർക്കാർ വിദ്യാലയങ്ങൾക്ക് ഫർണിച്ചർ, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവക്കായി 87 ലക്ഷം എന്നിങ്ങനെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കളരി നഗരം, മൂന്ന് അർബൺ വെൽ നെസ് സെന്റർ, മിനി ഗോവ ടൂറിസം, കടത്തനാടൻ കുഴികളരി, ജൂബിലി കുളം പുതുമോടിയിൽ, വനിതാ ഓപ്പൺ ജിം, മെൻസ്ട്രൽ കപ്പ്, നഗരം ക്യാമറ കണ്ണിൽ, മാലിന്യ നിർമാർജനം, തൊഴിലുറപ്പ് പദ്ധതി, കടൽ തീര സൗന്ദര്യവൽക്കരണം, ചൊവ്വാഴ്ച ചന്ത, കലാ സാംസ്കാരിക അക്കാദമി, പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ്, അതി ദാരിദ്ര്യ നിർമാർജനം എന്നിങ്ങനെ നാടിന്റെ സാംസ്കാരികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന പദ്ധതികളും വികസന പ്രവൃത്തികളുമാണ് ഇത്തവണത്തെ ബജറ്റിന്റെ മുഖമുദ്ര.

എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായ രൂപീകരണം സാധ്യമാക്കി പൊതു ശ്മശാനം സാധ്യമാക്കുന്നതിനും ബജറ്റ് രേഖയിൽ പ്രഖ്യാപനമുണ്ട്.