മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ കാനത്തിൽ ജമീല എം.എൽ.എ മൂടാടിയിലെ എം.സി.എഫ് സന്ദർശിച്ചു. മാലിന്യ നിർമാർജന കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു. ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനങ്ങളെ എം.എൽ.എ അഭിനന്ദിച്ചു.

ഹരിത കർമ്മ സേനാംഗങ്ങൾ വാർഡുകളിൽ നിന്നു ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ തരം തിരിച്ച്‌ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന പ്രവർത്തനമാണ് എം.സി.എഫിൽ നടക്കുന്നത്. ‘ശുചിത്യഭവനം സുന്ദര ദേശം’ എന്ന ഗ്രാമപഞ്ചായത്തിൻ്റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ വാർഡുതല യോഗങ്ങളും പൂർത്തിയായി. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജനപ്രതിനിധികളും പൊതു പ്രവർത്തകരും അടങ്ങുന്ന സംഘം സന്ദർശിച്ച് ശുചിത്വ സന്ദേശം എത്തിക്കും.

വീടുകളിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്താനും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പൊതു ഇടങ്ങൾ ജനപങ്കാളിത്തത്തോടെ വൃത്തിയാക്കാനും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനുമെതിരെ നിയമ നടപടികൾ ശക്തമാക്കാനും പഞ്ചായത്ത് തീരുമാനിച്ചതായി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ പറഞ്ഞു.

വൈസ് പ്രസിഡൻറ് ഷീജ പട്ടേരി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ.ഭാസ്കരൻ, വാർഡ് മെമ്പർ വി.കെ. രവീന്ദ്രൻ, സെക്രട്ടറി എം.ഗിരീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി ടി. ഗിരീഷ് കുമാർ എന്നിവരും എം എൽ എ യോടൊപ്പം എം.സി.എഫ് സന്ദർശിച്ചു.