വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾ സി.കെ. ആശ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഉദ്ഘാടനച്ചടങ്ങിനായി വൈക്കം ബീച്ച് മൈതാനിയിൽ പതിനയ്യായിരം മുതൽ ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പടുകൂറ്റൻ പന്തലിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. ഏപ്രിൽ ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നാണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത്. സംഘാടസമിതി ഓഫീസിൽ ആർ.ഡി.ഒ: പി.ജി. രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ വിലയിരുത്തി. വൈക്കം എ.സി.പി. നകുൽ ദേശ്മുഖ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, തഹീസൽദാർ ടി.എൻ. വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.