കേരള സംസ്ഥാന യുവജന കമ്മീഷൻ 2022-23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്യുന്ന യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച പ്രത്യേക ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്.

​കലാ സാംസ്കാരികം മേഖലയിൽ ചലച്ചിത്രനടന്‍ ആസിഫ് അലി അവാർഡിനർഹനായി.
അഭിനയത്തികവോടെ വിഭിന്നങ്ങളായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അഭിനയിച്ച് ഫലിപ്പിച്ച് മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ യുവനടനായി പരിഗണിച്ചാണ് അവാർഡിനായി നിശ്ചയിച്ചത്.
ഇന്ത്യൻ കായിക ഭൂപടത്തിൽ കേരളത്തിൻ്റെ സംഭാവനയായി ജ്വലിച്ചുയർന്ന ഒളിമ്പ്യൻ പി. ആർ. ശ്രീജേഷാണ്
കായികരംഗത്തു നിന്ന് അവാർഡിനർഹനായത്. ​
വാക്കുകളുടെ ലോകത്ത് യൗവനത്തിന്റെ പുതിയ ഭാഷയും ധിഷണയും കൊണ്ട് സ്വയം അടയാളപ്പെടുത്തിയ യുവ എഴുത്തുകാരി എം.കെ. ഷബിതയ്ക്കാണ്
സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം.
​കാർഷികരംഗത്ത് നൂതനമായ പരീക്ഷണങ്ങളിലൂടെ കാർഷിക സംസ്കാരത്തിന് യൗവനത്തിന്റെ ചടുലമായ മുഖം നൽകി വിജയിപ്പിച്ച എസ്. പി സുജിത്താണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്.
പ്രകൃതി സൗഹൃദ വ്യാവസായിക മാതൃകയുടെ മുഖമായ സഞ്ചി ബാഗ്സ് സി.ഇ.ഒ. ആതിര ഫിറോസ് ​വ്യവസായം/സംരഭകത്വം മേഖലയിൽ അവാർഡിനർഹയായി.
ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കേരളത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി മാറിയ ഗാന്ധിഭവൻ സാരഥി അമൽ രാജ്
​സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം. കെ. സാനു മാസ്റ്ററാണ് യൂത്ത് ഐക്കൺ അവാർഡ് ഫലപ്രഖ്യാപനം നടത്തിയത്.