ഐ എ ജി ജനറൽ ബോഡി യോഗം ചേർന്നു
കനത്ത വേനലിൽ ജനങ്ങൾക്കായി പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ ഒരുക്കാനൊരുങ്ങി ദുരന്ത നിവാരണ അതോറിറ്റിയും ഇൻ്റർ ഏജൻസി ഗ്രൂപ്പും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നൂറ് തണ്ണീർ പന്തലുകളാണ് ഒരുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് ഐ എ ജി ജനറൽബോഡി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.
പ്രളയം, കോവിഡ് പോലുള്ള ദുരന്ത സമയത്ത് ദുരന്തനിവാരണ വകുപ്പിന്റെ സഹകരണത്തോടെ ഇത്തരം ഏജൻസികളുടെ വലിയ സഹകരണമാണ് ജില്ലയ്ക്ക് ലഭിച്ചത്. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സാധിക്കുകയും നൂറ് ശതമാനം വീടുകളിലും ഹരിത കർമ്മ സേനയുടെ സേവനം ഉറപ്പാക്കുകയും ചെയ്യണം. കോവിഡിന് സമാന്തരമായ ഈ സാഹചര്യവും എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ വേഗത്തിൽ പരിഹരിക്കാൻ സാധിക്കുമെന്നും യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
വേനൽചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി നൂറ് തണ്ണീർ പന്തൽ ഒരുക്കുന്നത് മാതൃകാ പ്രവർത്തനമാണ്. ഇന്ന് കൊച്ചി ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നത്തിലും മികച്ച രീതിയിലുള്ള കർമ്മപദ്ധതിയാണ് തയ്യാറാക്കുന്നത്. മികച്ച ജീവിത സാഹചര്യം കെട്ടിപ്പെടുക്കാൻ ജില്ലയെ സഹായിക്കുന്നതിനുള്ള നടപടികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതെന്നും യോഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു.
ഇൻ്റർ ഏജൻസി ഗ്രൂപ്പ് കൺവീനർ ടി ആർ ദേവൻ, ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ, അസിസ്റ്റൻ്റ് കളക്ടർ ഹർഷിൽ ആർ മീണ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, ഐ എ ജി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ, എൻ ജി ഓ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.