ഈ അധ്യായന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. മോഡല്‍ സ്‌കൂളിലെ സൊസൈറ്റി ഇന്‍ചാര്‍ജ് ബീഗം മഹജബിനും കുട്ടികളും ചേര്‍ന്നു പുസ്തകം ഏറ്റുവാങ്ങി.

കുടുംബശ്രീ ജില്ലാ മിഷനാണ് പുസ്തക വിതരണത്തിന്റെ ചുമതല. വെള്ളിമാട്കുന്ന് എന്‍ജിഒ ക്വാർട്ടേഴ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഹബ്ബില്‍ നിന്നും പുസ്തകം തരം തിരിച്ച് 20 പേരടങ്ങുന്ന കുടുംബശ്രീ ടീം ആണ് പുസ്തക വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. 30 ലക്ഷം ബുക്കുകളാണ് വിവിധ സ്‌കൂളുകളിലായി കുടുംബശ്രീക്ക് വിതരണം നടത്താനുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷവും കുടുംബശ്രീ മിഷന്‍ തന്നെയാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുന്നത്.

ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍ മുഖ്യാതിഥിയായി. കോര്‍പ്പറേഷന്റെ കുടുംബശ്രീ സെന്‍ട്രല്‍ സി.ഡിഎസ് ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജേഷ് ടി.ടി, കുടുംബശ്രീ പരിശീലന സ്ഥാപനം എക്‌സാത്‌ന്റെ സെക്രട്ടറി വിനീത എന്നിവര്‍ സംസാരിച്ചു.