കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പ്രതിമാസ പെൻഷൻ കൈപ്പറ്റുന്നവർ ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ അടുത്തുള്ള അക്ഷയകേന്ദ്രങ്ങളിൽ ആധാർകാർഡുമായെത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. 2024 മുതൽ എല്ലാ വർഷവും ജനുവരി 1 മുതൽ ഫെബ്രുവരി 28/29നകം തൊട്ടുമുമ്പുള്ള വർഷം ഡിസംബർ 31 വരെ പെൻഷൻ അനുവദിയ്ക്കപ്പെട്ട ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വൃദ്ധജനങ്ങൾ എന്നിങ്ങനെ അക്ഷയകേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ പ്രസ്തുത വിവരം അക്ഷയകേന്ദ്രങ്ങളിൽ അറിയിക്കേണ്ടതും, അതിനനുസരിച്ച് അക്ഷയകേന്ദ്രം പ്രതിനിധി പ്രസ്തുത ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതുമാണ്. ആധാർ ഇല്ലാതെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിയ്ക്കപ്പെട്ട ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ എന്നിവർ ക്ഷേമനിധി ബോർഡിൽ ലൈഫ്സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്ക് മാത്രമേ മസ്റ്ററിംഗിനുള്ള കാലാവധിയ്ക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ. കാലാവധിയ്ക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാമാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താവുന്നതാണ്. എന്നാൽ ഇവർക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതൽക്കുള്ള പെൻഷൻ മാത്രമേ ലഭിയ്ക്കുകയുള്ളൂ. മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടായിരിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങളിൽ അടയ്ക്കേണ്ടതാണ്. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ തന്നെ മസ്റ്ററിംഗ് നടത്തി തുടർ നടപടി സ്വീകരിക്കണം.