സംസ്ഥാനത്ത് 3000 ചതുരശ്ര അടി വരെയുള്ള വീടുകളുടെ നിർമാണത്തിനായി മണ്ണ് മാറ്റുന്നതിനുള്ള അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ്. നേരത്തേ ഇത് മൈനിങ ആൻജ് ജിയോളജി വകുപ്പിന്റെ ചുമതലയിലായിരുന്നു. പൊതുജനങ്ങൾക്കും സർക്കാരിനും നേരിട്ടു പ്രയോജനം ലഭിക്കുന്ന വിധത്തിൽ 2015ലെ കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടങ്ങളിലെ അഞ്ചു വിഭാഗങ്ങളിൽ കൊണ്ടുവന്ന ഭേദഗതിയുടെ ഭാഗമായാണിതെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗാർഹിക ആവശ്യത്തിനും മറ്റും 150 ടണ്ണിനു താഴെയുള്ള ധാതു പുറത്തേക്കു കൊണ്ടുപോകുന്നതിനു പ്രത്യേക അനുമതി നൽകുന്നത് ഭേദഗതിയിൽ നിർദേശിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. മണ്ണ് പുറത്തേക്കു കൊണ്ടുപോകാതെ സ്ഥലം നിരപ്പാക്കുന്നത് വകുപ്പിനെ അറിയിച്ചു ചെയ്യാനുള്ള അനുമതിയും ലഭ്യമാക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടും സർക്കാർ പ്രവൃത്തികളുമായി ബന്ധപ്പെട്ടും ധാതു നീക്കത്തിനു പ്രത്യേക അനുമതി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഖനന മേഖലയിലെ ക്രഷർ യൂണിറ്റുകളുടെ ക്ഷമതയനുസരിച്ചു കോമ്പൗണ്ടിങ് വ്യവസ്ഥയിൽ റോയൽറ്റി ഈടാക്കുന്ന സംവിധാനവും ഖനനം അനുവദിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണമനുസരിച്ചു കോമ്പൗണ്ടിങ് ചെയ്യുന്ന സംവിധാനവും ചട്ട ഭേദഗതിപ്രകാരം നിർത്തലാക്കിയതായി മന്ത്രി പറഞ്ഞു. റോയൽറ്റി ഇനത്തിൽ സർക്കാരിനു ലഭിക്കേണ്ട വരുമാനച്ചോർച്ച തടയുന്നതിനും റോയൽറ്റിയും ധാതുവിന്റെ വിലയും കാലാനുസൃതമായി വർധിപ്പിക്കുന്നതിനുമുള്ള ഭേദഗതികളുടെ ഭാഗമായാണിത്. നിലവിലുള്ള റോയൽറ്റി രണ്ടു മടങ്ങായി വർധിപ്പിച്ചു. അനധികൃതമായി ഖനനം ചെയ്തു കടത്തിയ ധാതുവിന്റെ വില നിശ്ചയിക്കുന്നതു വിപണി വിലയുടെ നാലു മടങ്ങായി ഉയർത്തി.
കേരള മിനറൽസ് (പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിങ്, സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ) ചട്ടങ്ങളിലും ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം ബജറ്റ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങളാക്കി ധാതു വിപണനം ചെയ്യുന്നതിന് ഇനി മുതൽ അധിക ഫീസ് ഈടാക്കും. ധാതു സംഭരിച്ചു വിൽക്കുന്ന ഡീലർ മറ്റൊരു ഡീലർക്കു വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കും. മൂല്യവർധിത ഉത്പന്നങ്ങളാക്കി ധാതു വിപണനം ചെയ്യുന്നതിനു ക്രഷർ യൂണിറ്റുകൾക്ക് ഡീലേഴ്സ് ലൈസൻസ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ നിയമ ഭേദഗതിയും റോയൽറ്റി ഡിവിഷനും ഇന്ന്(ഏപ്രിൽ 01) നിലവിൽ വരും. മുൻപുള്ള കുടിശിക അടച്ചു തീർക്കുന്നതിനു പ്രത്യേക അദാലത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഖനന മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.