മാപ്പിളപ്പാട്ടിനെയും കലകളെയും കുറിച്ച് പഠനം നടത്തുന്നവർ ആശ്രയിക്കുന്ന ആധികാരിക രേഖയായ ‘മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം’ എന്ന കൃതിയുടെ പുതിയ പതിപ്പ് സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിക്കുന്നു. പ്രശസ്ത ഇസ്ലാമിക പണ്ഡിതനായിരുന്ന സി.എൻ അഹമ്മദ് മൗലവിയും ചരിത്രകാരനും മാപ്പിള കലാ ഗവേഷകനുമായിരുന്ന കെ.കെ മുഹമ്മദ് അബ്ദുൽ കരീമിന്റേയും സംയുക്ത രചനയായ ഈ അപൂർവ്വ പുസ്തകത്തിന്റെ കോപ്പികൾ നിലവിൽ ലഭ്യമല്ല. ഗ്രന്ഥകർത്താക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ അവകാശികളെ പ്രതിനിധീകരിച്ച് മക്കളായ ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ, സി.എൻ. അബുൽകലാം ആസാദ് എന്നിവരും മാപ്പിളകലാ അക്കാദമിക്കുവേണ്ടി സെക്രട്ടറി ബഷീർ ചുങ്കത്തറയും അക്കാദമി കോൺഫറൻസ് ഹാളിൽവെച്ച് പുസ്തക പ്രസിദ്ധീകരണ കരാർ ഒപ്പുവെച്ചു. പുസ്തകം പ്രീപബ്ലിക്കേഷൻ വ്യവസ്ഥയിൽ ചുരുങ്ങിയ ചെലവിൽ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ അക്കാദമി സൗകര്യം ഒരുക്കുമെന്ന് അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ അറിയിച്ചു.