കലക്ടറേറ്റിലെ ഓഫീസുകളിലെ മാലിന്യ പരിപാലനം ശാസ്ത്രീയവും കൂടുതല്‍ കാര്യക്ഷമവുമാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ അടിയന്തര ഇടപെടലുകള്‍ സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിർദേശം.
എല്ലാ ഓഫീസുകളും അവയുടെ പരിസരങ്ങളും മാലിന്യമുക്തമാക്കി ശുചിത്വം ഉറപ്പുവരുത്തണം. ഉറവിട മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം. ദിനംപ്രതി ഉണ്ടാകുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് അവ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള നടപടികള്‍ അതത് ഓഫീസുകള്‍ സ്വീകരിക്കണം.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന രീതിയില്‍ ഓരോരുത്തരും ശുചിത്വ പ്രക്രിയയുടെ ഭാഗമാകണമെന്നും ഇതിലൂടെ കണ്ണൂര്‍ ഒരു മാതൃകാ കലക്ടറേറ്റ് ആക്കി തീര്‍ക്കാന്‍ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
കലക്ടറേറ്റിലെ ഓഫീസുകളിലെ ഇ-വേസ്റ്റുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണം. വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കാന്‍ എനര്‍ജി ഓഡിറ്റുകള്‍ നടത്തണം. അതത് വകുപ്പുകള്‍ ഇക്കാര്യം ശ്രദ്ധിക്കണം. ജില്ലാ ഓഫീസുകള്‍ അതിന് കീഴിലുള്ള ഓഫീസുകള്‍ക്ക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
സര്‍ക്കാര്‍ പരിപാടികളില്‍ ഫ്‌ളക്‌സുകള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ പൂര്‍ണമായും ഒഴിവാക്കണം. 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ടുള്ള കേരള ഹൈക്കോടതിയുടെയും തദ്ദേശ സ്വയം ഭരണവകുപ്പിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നത്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്‍ കൂടുതല്‍ വിപുലമാക്കുകയും ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായി പിഴ ഈടാക്കുന്നതിനും എന്‍ഫോസ്മെന്റ് ശക്തിപ്പെടുത്തുന്നതിനും ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍, വകുപ്പ് തലവന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.