സൗജന്യ കണ്ണ് പരിശോധന, സിമുലേറ്റര്‍ സംവിധാനം
ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ ഇലക്ട്രിക് വാഹന പ്രദര്‍ശനം, സൗജന്യ കണ്ണ് പരിശോധന തുടങ്ങിയവ ഒരുക്കുന്നതിലൂടെ ആര്‍.ടി.ഒ. സ്റ്റാള്‍ വ്യത്യസ്തമാകും. പ്രമുഖ വാഹന നിര്‍മാതാക്കളുടെ വ്യത്യസ്തമായ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനമാണ് ഒരുക്കുന്നത്. ഓരോ ദിവസവും ഓരോ വാഹനങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. നേത്രാരോഗ്യത്തിനായി സൗജന്യ കണ്ണ് പരിശോധന ക്യാമ്പും മേളയിലൊരുക്കും.
വാഹനത്തില്‍ കയറാതെ വാഹനം ഓടിക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന സിമുലേറ്റര്‍ സജ്ജീകരണങ്ങളും മേളയില്‍ ഒരുക്കും. ഡ്രൈവിങ് പരിശീലനത്തിന് സഹായിക്കുന്ന സംവിധാനമാണിത്. അറിവിന്റെ വേദിയായി മേളയെ മാറ്റുന്നതിനായി ക്വിസ് മത്സരങ്ങളും ആര്‍.ടി.ഒ സംഘടിപ്പിക്കുന്നുണ്ട്. വിജയികള്‍ക്ക് സമ്മാനവും നല്‍കും.
വാഹനങ്ങളുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികതകളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി വീഡിയോ പ്രദര്‍ശനങ്ങളും സജ്ജീകരിക്കും. റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായി ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.