മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. ഇതിലേക്ക് പൊതുജനങ്ങള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. www.karuthal.kerala.gov.in പോര്‍ട്ടല്‍, അക്ഷയ സെന്ററുകള്‍ എന്നിവ മുഖേനയും പരാതിയും അപേക്ഷയും നല്‍കാം . ഏപ്രില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളില്‍ നേരിട്ടും പരാതി സ്വീകരിക്കും. അദാലത്തില്‍ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അറിയിപ്പ് നല്‍കും. അദാലത്ത് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് താലൂക്ക് ഓഫീസുകളില്‍ അന്വേഷണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അദാലത്തിന്റെ തിയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ താലൂക്കുകളില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍ വാസവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക.
അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമി സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, തണ്ണീര്‍ത്തട സംരക്ഷണം, വീട്, വസ്തു, ലൈഫ് പദ്ധതി, വിവാഹം/ പഠനസഹായം മുതലായ ക്ഷേമപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശിക ലഭിക്കല്‍, പെന്‍ഷന്‍ എന്നീ കാര്യങ്ങളും അദാലത്തില്‍ പരിശോധിക്കും.
പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ ശല്യവും സംരക്ഷണവും, തെരുവ്വിളക്കുകള്‍, അപകടനിലയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, അതിര്‍ത്തി തര്‍ക്കം, വഴി തടസപ്പെടുത്തല്‍, വയോജന സംരക്ഷണം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ അദാലത്തില്‍ ഉന്നയിക്കാം. പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ്, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം, അതിനുള്ള നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച അപേക്ഷകള്‍/ പരാതികള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷി നാശത്തിനുള്ള സഹായം, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷ്വറന്‍സ് തുടങ്ങിയവയാണ് മറ്റു വിഷയങ്ങള്‍.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുടെ വിഷയങ്ങള്‍, ആശുപത്രികളിലെ മരുന്നു ക്ഷാമം, ശാരീരിക, മാനസിക, ബുദ്ധിവൈകല്യമുള്ളവരുടെ പുനരധിവാസം/ ധനസഹായം, പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളും അദാലത്തില്‍ പരിഗണിക്കും.