നവ-വൈജ്ഞാനിക സമൂഹമായി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്നിക് കോളെജില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച പുതിയ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനവും പുതുതായി നിര്‍മിക്കുന്ന കമ്പ്യൂട്ടര്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസം നല്‍കുന്ന അറിവ് പ്രായോഗികതലത്തില്‍ പ്രയോജനപ്പെടുത്തി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിന് ഉപയോഗിക്കണമെന്നും കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങി എല്ലാ രംഗത്തും അതിന്റെ ഗുണഫലം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക്കുകളിലും അടിസ്ഥാന സൗകര്യ വികസനത്തിന് പ്ലാന്‍ ഫണ്ട്, കിഫ്ബി ഫണ്ട് തുടങ്ങി സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ പാലക്കാട് ഉള്‍പ്പെടെയുള്ള നാല് പോളിടെക്‌നിക്കുകളില്‍ ആരംഭിച്ച ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തില്‍ വരെ പ്രശംസ നേടിക്കഴിഞ്ഞു.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കില്‍ ഗ്യാപ്പ് നികത്താന്‍ 133 സ്‌കില്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. സംസ്ഥാനത്തെ കോളെജുകളില്‍ നടപ്പാക്കിയ കണക്റ്റ് കരിയര്‍ ക്യാമ്പസ് പദ്ധതി മാതൃകാപരമാണ്. പോളിടെക്‌നിക്കുകളില്‍ പഠിക്കുന്ന യുവ ചിന്തകള്‍ക്ക് അവസരങ്ങളുടെ വലിയ വാതിലുകള്‍ തുറന്നു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് പോളിടെക്‌നിക്കുകളിലും എന്‍ജിനീയറിങ് കോളെജുകളിലും അതിന്റെ അനുരണനം ഉടന്‍ ഉണ്ടാവണം. മികച്ച സംരംഭക ആശയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.പി.ടി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി. ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.കെ ജയപ്രകാശ്, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍, ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി. സിന്ധു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി ബൈജു ഭായി, ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സി പ്രിന്‍സിപ്പാള്‍ ആശ ജി. നായര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.