സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകളിലേക്കുള്ള പരാതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അദാലത്തിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പൊതു ജനങ്ങള്‍ക്ക് പരാതികള്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും സമര്‍പ്പിക്കാം.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും അക്ഷയയുടെ വ്യാപ്തി വര്‍ധിച്ചിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ലഭിക്കുന്ന പരാതികള്‍ കൃത്യമായും, സമയബന്ധിതമായും കൈകാര്യം ചെയ്യണം. ആദിവാസി വിഭാഗങ്ങള്‍ക്ക് ആവശ്യ രേഖകള്‍ നല്‍കുന്ന അഭിമാന പദ്ധതിയായ എ ബി സി ഡി പദ്ധതി പൂര്‍ണവിജയത്തില്‍ എത്തിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സമര്‍പ്പിത സഹകരണം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.
പൊതു ജനങ്ങള്‍ക്ക് 27 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ സമര്‍പ്പിക്കാം. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് അടിസ്ഥാനത്തിലെ മികച്ച സംരംഭക പാട്ടക്കാല അക്ഷയ സംരംഭക കൊച്ചന്നാമ്മ കുര്യന്‍, നഗര സഭാതലത്തില്‍ മികച്ച സംരംഭകനായ പത്തനംതിട്ട അബാന്‍ ലൊക്കേഷന്‍ അക്ഷയ സംരംഭകന്‍ ടി എ. ഷാജഹാന്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ നല്‍കി.
മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍, മസ്റ്ററിംഗ് എന്നിവ സംബന്ധിച്ച പരിശീലനവും നല്കി. ഐ ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ഐ ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. ധനേഷ്, മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍:
ഭൂമി സംബന്ധമായ വിഷയങ്ങള്‍(അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം).
സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍. തണ്ണീര്‍ത്തട സംരക്ഷണം.
ക്ഷേമ പദ്ധതികള്‍(വീട്, വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ).
പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- കുടിശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക.
പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം. തെരുവ് നായ സംരക്ഷണം/ ശല്യം.
അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്.
തെരുവ് വിളക്കുകള്‍.
അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും.
വയോജന സംരക്ഷണം.
കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ(കെട്ടിട നമ്പര്‍, നികുതി).
പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും.
റേഷന്‍ കാര്‍ഡ്(എപിഎല്‍/ബിപിഎല്‍)(ചികിത്സാ ആവശ്യങ്ങള്‍ക്ക്).
വന്യജീവി ആക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം.
വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/ അപേക്ഷകള്‍.
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം.
കൃഷി നാശത്തിനുള്ള സഹായങ്ങള്‍.
കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ.
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ.
ആശുപത്രികളിലെ മരുന്നു ക്ഷാമം.
ശാരീരിക/ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍.
വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍.
പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍.
വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി.
അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍:
നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍. പ്രൊപ്പോസലുകള്‍.
ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/പി സ് സി സംബന്ധമായ വിഷയങ്ങള്‍.
ജീവനക്കാര്യം (സര്‍ക്കാര്‍).
സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളിലേക്കുള്ള ആക്ഷേപം.
വായ്പ എഴുതി തള്ളല്‍.
സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍(ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളവ).
പോലീസ് കേസുകള്‍.
ഉദ്യോഗസ്ഥര്‍ക്ക് എതിരായവ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍.
ഭൂമി സംബന്ധമായ പട്ടയങ്ങള്‍.
വസ്തു സംബന്ധമായ പോക്കുവരവ്, തരംമാറ്റം, റവന്യു റിക്കവറി സംബന്ധമായ വിഷയങ്ങള്‍.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍:
അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈനായും സമര്‍പ്പിക്കാം. പരാതി കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങണം. അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്.
മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍/വകുപ്പ് സെക്രട്ടറിമാര്‍/ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയോ, മുഖ്യമന്ത്രിക്കോ സമര്‍പ്പിക്കാം. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച് മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും.