ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കണമെന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരീസ് അംഗം ഡോ പി പി വാവ. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചീകരണ തൊഴിലാളികളുടെ പുനരധിവാസം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ പുരോഗതി അനിവാര്യമാണ്. കേന്ദ്ര- സംസ്ഥാന തലത്തില്‍ വിവിധ പദ്ധതികള്‍ ഇവര്‍ക്കായി വിഭാവനം ചെയ്തിട്ടുണ്ട്. ഇവ തൊഴിലാളികളിലേക്ക് എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ കോളനികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
യോഗത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. സംസ്ഥാന നോഡല്‍ ഓഫീസര്‍ ഗോപി കൊച്ചുരാമന്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, റിസോഴ്സ്‌പേഴ്‌സണ്‍ വി ജി രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.