അടിച്ചിപ്പുഴ ഗവ. ആയുര്‍വേദ ട്രൈബല്‍ ഡിസ്‌പെന്‍സറിയില്‍ പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച പബ്ലിക് ടോയ്ലറ്റ്, യൂട്ടിലിറ്റി ഹാള്‍ എന്നിവയുടെ ഉദ്ഘാടനം നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി നിര്‍വ്വഹിച്ചു. ഇ-ഹോസ്പിറ്റല്‍ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്‌സും കെ ഫോണ്‍ ഇന്റ്റര്‍നെറ്റ് സംവിധാനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസും ഉദ്ഘാടനം ചെയ്തു. എല്‍എസ്ജിഡി എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. ഭാവിയില്‍ ആയുഷ് ഹെല്‍ത്ത് സെന്റര്‍ എന്ന രീതിയില്‍ യോഗ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും മീറ്റിംഗുകള്‍ നടത്തുന്നതിനുമായി മള്‍ട്ടി പര്‍പ്പസ് യൂട്ടിലിറ്റി ഹാള്‍ എന്ന രീതിയിലാണ് യൂട്ടിലിറ്റി ഹാള്‍ നിര്‍മിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഏറെയുള്ള ഒളികല്‍, കുറുമ്പന്‍മൂഴി, റാന്നി, ഉതിമൂട് തുടങ്ങി ജില്ലയിലെ പല മേഖലകളില്‍ നിന്നും ജനങ്ങള്‍ വന്ന് പോകുന്ന സ്ഥലമാണ് അടിച്ചിപുഴ സര്‍ക്കാര്‍ ഡിസ്‌പെന്‍സറി. ദൂരെ നിന്നും എത്തുന്ന പൊതുജനങ്ങള്‍ക്ക് പ്രാഥമിക അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഘടക സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പഞ്ചായത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് രാജന്‍ നീറുംപ്ലാക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനിയമ്മ അച്ചന്‍കുഞ്ഞ്, ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ തോമസ് ജോര്‍ജ്, വാര്‍ഡ് അംഗം പി. സി അനിയന്‍ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ഡൊമിനിക്, റോസമ്മ വര്‍ഗീസ്, അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ ജിജി തോമസ്, പട്ടികവര്‍ഗ സംസ്ഥാന ഉപദേശക സമിതി അംഗം ജി രാജപ്പന്‍, ഊരു മൂപ്പന്‍ രാഘവന്‍ ,എച്ച്എംസി അംഗം ഗോപിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.