കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും കയർ പെൻഷൻ വാങ്ങി വരുന്ന മുഴുവൻ പെൻഷൻ ഗുണഭോക്താക്കളും തുടർന്നുള്ള പെൻഷൻ ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്റർ ചെയ്യേണ്ടതാണ്. 2023 ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. പെൻഷൻകാർ ആധാർ കാർഡും, പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടു ഹാജരായി പെൻഷൻ മസ്റ്ററിംഗ് നടത്തേണ്ടതാണ്. ശാരീരിക ബുദ്ധിമുട്ടുളളവർക്ക് ഹോം മസ്റ്ററിംഗിന് ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയാൽ ആയതിനുളള സൗകര്യം അക്ഷയ കേന്ദ്രം മുഖേന ലഭിക്കുന്നതാണ്.

ഏതെങ്കിലും കാരണത്താൽ മസ്റ്റർ പരാജയപ്പെടുന്നവർ 30 ദിവസത്തിനകം അക്ഷയകേന്ദ്രത്തിൽ നിന്നുളള മസ്റ്റർ ഫെയിൽ റിപ്പോർട്ടും, ഗസറ്റഡ് ഓഫീസറിൽ നിന്നുള്ള ലൈഫ് സർട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോർഡിന്റെ വടക്കൻ പറവൂർ ഓഫീസിൽ അപേക്ഷ സമർപ്പിച്ച് മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.

ആധാർ ഇല്ലാത്ത പെൻഷൻകാർ, ജൂൺ 30നകം ഗസറ്റഡ് ഓഫീസറിൽ നിന്നുള്ള ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി ആധാർ എടുത്തിട്ടില്ലെന്ന സത്യവാങ്ങ് മൂലം ക്ഷേമനിധി ബോർഡിന്റെ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്. പെൻഷൻ ഗുണഭോക്താക്കൾക്ക് തുടർന്നുള്ള പെൻഷൻ ലഭിക്കുന്നതിന് മസ്റ്ററിംഗ് നിർബന്ധമാക്കിയിട്ടുള്ളതിനാൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും ജൂൺ 30ന് മുൻപായി മസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.