സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമ്മാനമെന്ന രീതിയിൽ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാക്കി മാറ്റുമെന്നും ഇതിനായി സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലം ഹബ്ബിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. മറൈൻഡ്രൈവിൽ ആരംഭിച്ച എന്റെ കേരളം മെഗാ എക്സിബിഷന്റെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ ഏഴ് വർഷം പൂർത്തിയാക്കി എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ സന്ദർഭമാണിത്. സർക്കാർ രണ്ട് വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. പശ്ചാത്തല വികസനത്തിന്റെയും കാർഷിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനം. ഇതിന്റെ തുടർച്ചയാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയെ സംബന്ധിച്ചിടത്തോളം ഏറെ വികസന പ്രവർത്തനങ്ങൾ ഉണ്ടായ രണ്ടു വർഷങ്ങളാണ് കടന്നുപോയത്. ജില്ലയിൽ 2447 കുടുംബങ്ങൾക്ക് ഇതിനോടകം പട്ടയം നൽകി. കാലവർഷമെന്ന് കേൾക്കുമ്പോൾ വർഷങ്ങളായി എറണാകുളത്തിന്റെ ഉറക്കം കെടുത്തിയിരുന്ന മേഖലയായിരുന്നു ചെല്ലാനം. 343 കോടി രൂപയുടെ തീര സംരക്ഷണ പദ്ധതി നിർമ്മിച്ചതോടെ ചെല്ലാനത്തെ ജനങ്ങൾക്ക് അവരവരുടെ വീടുകളിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്ന സ്ഥിതിയിലേക്കെത്തിച്ചു. 95 ശതമാനം പൂർത്തിയായ പദ്ധതി പൂർണ്ണമാകുന്നതോടെ ടൂറിസത്തിന് കൂടി സഹായകമാകുന്ന ഒരു മേഖലയായി ചെല്ലാനം മാറും.

കൊച്ചി മെട്രോയെ സംബന്ധിച്ച് പലരും ആശങ്കകൾ പങ്കുവെച്ചിരുന്നെങ്കിലും തൃപ്പൂണിത്തുറയിലേക്ക് സർവീസ് നീട്ടാനായി. 1957 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയോടെ കാക്കനാട്ടേക്കുള്ള അടുത്തഘട്ടത്തിന്റെ നിർമ്മാണവും ആരംഭിച്ചു. 10 ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതിയിൽ 78 ബോട്ടുകളും ജെട്ടി ഉൾപ്പെടെയുള്ളവയും തയ്യാറാക്കി ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്.

1170 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന പെട്രോ കെമിക്കൽ പാർക്ക് നിർമ്മാണം അതിവേഗത്തിലാണ്. കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയുടെ രണ്ടാംഘട്ടമായി നിർമിക്കാൻ പരിഗണിച്ചിരുന്ന ഗിഫ്റ്റ് സിറ്റി പദ്ധതി ഒന്നാം ഘട്ടത്തിൽ തന്നെ പൂർത്തിയാക്കാൻ കഴിയും. ഇതിനായി 850 കോടി രൂപയുടെ ഭരണാനുമതി പുതുക്കി നൽകി. കാക്കനാട് 10 ഏക്കർ വിസ്തൃതിയിൽ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിന്റെ പ്രവർത്തികളും പുരോഗമിക്കുകയാണ്.

ലോകോത്തര ഐ.ടി സ്ഥാപനങ്ങളായ ഐ.ബി.എം, കോഗ്നിസന്റ് എന്നിവ ഉൾപ്പടെ ലോകത്തിലെ ഒട്ടുമിക്ക ഐ.ടി. കമ്പനികളും ഇന്ന് കേരളത്തിലുണ്ട്. ടി.സി.എസിന്റെ 36 കോടി രൂപയുടെ ക്യാമ്പസ് കാക്കനാട് നിർമ്മാണം ആരംഭിക്കാനിരിക്കുകയാണ്. ഇൻഫോപാർക്കിന്റെ മൂന്ന് നിലകളിലായി വികസനവും പുരോഗമിക്കുകയാണ്. കുസാറ്റിൽ 200 കോടി രൂപയുടെ സയൻസ് പാർക്ക് നിർമ്മാണത്തിനൊരുങ്ങുന്നു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ബിസിനസ് ടെർമിനൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ആലുവ തുരുത്തിലെ ഫാമിനെ രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമാക്കി മാറ്റി. ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആരംഭിച്ച 14,137 സംരംഭങ്ങൾ വഴി 1,176 കോടി രൂപയുടെ നിക്ഷേപങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.