“…കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളെ

കൊട്ടുവേണം കുഴൽവേണം കുരവ വേണം

ഓ തിത്തിത്താരാ തിത്തിത്തെയ്

തിത്തൈ തിത്തൈ തകതെയ് തോം…”

ഹൃദയമിടിപ്പ് കൂടുന്ന താളഭാവത്തിൽ ഗായകനും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസി പാടിത്തുടങ്ങിയതും ഏറെ പ്രശസ്തമായ നാടൻ പാട്ടിനെ കൊച്ചിയിലെ യുവത ഒന്നടങ്കം ഏറ്റു പാടുന്ന കാഴ്ചയായിരുന്നു മറൈൻ ഡ്രൈവിലെ എന്റെ കേരളം മെഗാ പ്രദർശന വേദിയിൽ കണ്ടത്. എക്സിബിഷന്റെ ആദ്യ ദിവസമായ ശനിയാഴ്ച രാത്രിയായിരുന്നു സ്റ്റീഫന്റെ ലൈവ് ബാന്റ് ഷോ അരങ്ങേറിയത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ടാഗ് ലൈൻ പോലെ “യുവതയുടെ കേരളത്തിന്റെ” പ്രകടനമായി മാറുകയായിരുന്നു മറൈൻ ഡ്രൈവ് മൈതാനം. ഫ്യൂഷൻ സംഗീതത്തിന്റെ മാസ്മരിക വേദിയിൽ സ്റ്റീഫന്‍ അരങ്ങുവാണപ്പോൾ കൊച്ചിയുടെ മണ്ണിൽ ആസ്വാദകഹൃദയങ്ങൾ താളത്തിൽ ചുവടു വെച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സമാനതകളില്ലാതെ ലോകമെമ്പാടുമുള്ള മലയാളികളെ ഹരം കൊള്ളിക്കുന്ന സ്റ്റീഫന്‍ അറബിക്കടലിനെ സാക്ഷിയാക്കി മികച്ച സംഗീത വിരുന്ന് തന്നെയായിരുന്നു ഒരുക്കിയത്. ആഘോഷങ്ങൾ അരങ്ങൊഴിയാത്ത കൊച്ചിക്കിത് പുതുമയല്ലെങ്കിലും യുവതയുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുകയായിരുന്നു മറൈൻ ഡ്രൈവിലെ വേദി. ന്യൂജൻ ഗാനങ്ങൾക്കൊപ്പം കേട്ടു മറന്ന നിത്യ ഹരിത ഗാനങ്ങളും ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയോടെ വേദിയിലെത്തിയപ്പോൾ പ്രായഭേദമന്യേ ഏവരെയും ആകർഷിക്കാൻ കഴിഞ്ഞു. സ്റ്റീഫനും സംഘവും വേദിയിൽ വിസ്മയം തീർത്തപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് മൈതാനത്തുണ്ടായിരുന്ന ആയിരങ്ങൾ ഓരോ ഗാനവും എതിരേറ്റത്.

ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കുന്ന മേളയില്‍ ദുഖ വെള്ളിയാഴ്ചയായ ഏപ്രിൽ ഏഴിനൊഴികെ എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.. ഏപ്രില്‍ രണ്ടിന് പ്രശസ്ത സംഗീത സംവിധായകൻ ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്, ഏപ്രില്‍ മൂന്നിന് പിന്നണി ഗായകരായ ദുര്‍ഗ വിശ്വനാഥ് – വിപിന്‍ സേവ്യര്‍ എന്നിവരുടെ ഗാനമേള, ഏപ്രില്‍ നാലിന് താമരശ്ശേരി ചുരം മ്യൂസിക് ബാന്‍ഡിന്റെ പരിപാടി, ഏപ്രില്‍ അഞ്ചിന് അലോഷി പാടുന്നു, ഏപ്രില്‍ ആറിന് ആട്ടം ചെമ്മീന്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ പരിപാടി, അവസാന ദിവസമായ ഏപ്രില്‍ എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാ ഷോ തുടങ്ങിയ പരിപാടികള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്.