സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയുമായ് എന്റെ കേരളം മെഗാ പ്രദർശനത്തിന് മറൈൻഡ്രൈവിൽ തുടക്കമായി. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിറഞ്ഞ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസന നേർചിത്രത്തിനൊപ്പം വിപണന മേളയും, കലാസാംസ്കാരിക പരിപാടികളുമായ് വൈവിധ്യമായ മേള ആദ്യ ദിവസം തന്നെ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സംഗീതത്തിന്റെ മാന്ത്രികതയുമായി സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ നടന്ന തത്സമയ കലാപ്രകടനം ഉദ്ഘാടന രാവിനെ ആവേശഭരിതമാക്കി.

യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള നടക്കുന്നത്.63680 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഒരുക്കിയ മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 36 തീം സ്റ്റാളുകള്‍ ഉള്‍പ്പെടെ 170 സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്.

സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വിപണന സാധ്യതകൾക്കൊപ്പം തന്നെ സർക്കാർ സേവനങ്ങൾ അറിയുന്നതിനും ലഭ്യമാകുന്നതിനുമുള്ള അവസരവും ഒരുങ്ങുകയാണ് മേളയിലൂടെ.

രണ്ടാം ദിവസമായ ഏപ്രിൽ 2 ഞായറാഴ്ച്ച സമകാലീക പ്രസക്തമായ ശില്പശാലകൾക്കും മേള വേദിയാകും. രാവിലെ 10.30ന് മാലിന്യ സംസ്കരണം – മുന്നോട്ടുള്ള പാത എന്ന വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശില്പശാല നടക്കും.കൊച്ചി മേയർ എം.അനിൽ കുമാർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2 30 മുതൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കുടുംബശ്രീയും പ്രദേശികസാമ്പത്തിക വികസനവും,സ്ത്രീ- തന്റേതായ ഇടം കണ്ടെത്തിയവൾ- കുടുംബശ്രീ നേർചിത്രം,സ്ത്രീ- നിഷ്‌ക്രിയയായ ഗുണഭോക്താവിൽ നിന്നും വികസനപ്രക്രിയയുടെ പങ്കാളി, തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ നടക്കും. വൈകിട്ട് ഏഴിന് സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ സംഗീത നിശ നടക്കും.