വിനോദ സഞ്ചാരത്തിന്റെ പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി കാസര്‍ഗോഡന്‍ ശിലാശേഷിപ്പുകള്‍ കൊച്ചിയുടെ മണ്ണില്‍ ആവിഷ്‌കരിച്ചു എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാഴ്ചയുടെ വിസ്മയമൊരുക്കി ടൂറിസം വകുപ്പ്. ബഹുഭാഷ സംഗമ ഭൂമിയായ കാസര്‍ഗോഡന്‍ സംസ്‌കാരത്തിന്റെ ഏടുകളാണ് ടൂറിസം വകുപ്പ് മേളയില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ മലമ്പ്രദേശങ്ങളില്‍ നടന്ന് ചെന്ന് വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ‘സുരങ്കം’ എന്ന് അറിയപ്പെടുന്ന വ്യത്യസ്തമായ കിണറിലേക്കുള്ള യാത്ര ആസ്വാദകര്‍ക്ക് പ്രത്യേക അനുഭൂതിയാണ് സമ്മാനിക്കുന്നത്. സാധാരണ കിണറുകളില്‍ നിന്നും വ്യത്യസ്തമായി ജലസ്രോതസുകളിലേക്ക് തിരശ്ചീനമായി നിര്‍മ്മിക്കുന്ന തുരങ്കമാണ് സുരങ്കം. 2 മീറ്റര്‍ നീളവും അരമീറ്റര്‍ വീതിയുമാണ് ഇതിനുണ്ടാകുക.

ചരിത്രം ഉറങ്ങുന്ന മുനിയറകളാണ് ഈ സ്റ്റാളിന്റെ മറ്റൊരു കൗതുകം. മറയൂരില്‍ വലിയ പാറക്കല്ലുകളുടെ നേര്‍ത്ത പാളി കൊണ്ട് നിര്‍മ്മിച്ച മുനിയറകള്‍ പാണ്ഡവരുടെ വനവാസകാലത്തെ നിര്‍മ്മിതിയാണെന്നാണ് ഐതിഹ്യം. മഹാശിലായുഗത്തില്‍ മരണപ്പെട്ടവരെ മറവ് ചെയ്യുന്നതിരുന്നത് ഇത്തരം അറകളിലാണെന്നാണ് ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നത്.

ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി നിര്‍മ്മിച്ചിരിക്കുന്ന ഏലം തോട്ടം കാര്‍ഷിക കേരളത്തിന്റെ മറ്റൊരു മുഖം തന്നെയാണ് ദൃശ്യമാക്കുന്നത്. സ്റ്റാളിനുള്ളിലെ കൊച്ചുകൃഷിയിടവും ഗുഹയും യുവതലമുറയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവം തന്നെയാണ്. ഇത് കൂടാതെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി കായിക വിനോദങ്ങളും ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്.