ഡിജിറ്റൽ യുഗത്തിൽ വ്യാജ വാർത്തകൾക്ക് എതിരെ സമൂഹത്തിൽ ജാഗ്രതയുണ്ടാകണമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ വർഷികാഘോഷവും ബഹുനിലമന്ദിര ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് അപകടം ഉണ്ടാക്കുന്നുണ്ട്. വസ്തുനിഷ്ഠമായവ തെരഞ്ഞെടുക്കാൻ കഴിയണം. വായനശാലകൾ ഡിജിറ്റൽ യുഗത്തിന് ഒപ്പം സഞ്ചരിച്ച് വിശാലമായ സാംസ്ക്കാരിക ഇടങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി. മുൻ എം എൽ എ ആർ രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് ബി ആനന്ദൻ എന്നിവർ പങ്കെടുത്തു.