കഴിഞ്ഞ രണ്ടുവർഷത്തിൽ സംസ്ഥാനത്ത് കിഫ്ബി മുഖേന 18000 കോടി രൂപയുടെ വികസനം നടന്നെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആർദ്രകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 94 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഓരോ താലൂക്കുകളിലെയും ആശുപത്രികൾ മികച്ചതായി മാറി കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് കേരളത്തിലേത്. ലോകത്തിലെ മികച്ച ആരോഗ്യ പ്രവർത്തകർ കേരളത്തിന്റെ സംഭാവനയാണ്. ആരോഗ്യ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ജനകീയ പിന്തുണയോടെ തുടർന്നും കൈവരിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കൺസൾട്ടേഷൻ മുറികൾ, മോർച്ചറി ആൻഡ് ഫ്രീസർ റൂം, ലബോറട്ടറി, പേവാർഡ്, സ്പെഷാലിറ്റി ഒ പി, ദന്ത വിഭാഗം, കാന്റീൻ ഉൾപ്പെടെ 150000 സ്ക്വയർ ഫീറ്റിലാണ് കെട്ടിട നിർമാണം.

സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി.
എ എം ആരിഫ് എം പി, മുൻ എം എൽ എ ആർ രാമചന്ദ്രൻ, കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്‌സൺ എ സുനിമോൾ,  രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.